പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ; മുൻ വൈസ് പ്രസിഡന്റിന്റെ ശബ്ദസന്ദേശം പുറത്ത്
text_fieldsകൊടിയത്തൂർ: പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട് മുൻ വൈസ് പ്രസിഡന്റിന്റെ ഫോൺ സന്ദേശം പുറത്ത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെംബറും മുൻ വൈസ് പ്രസിഡന്റുമായ കരീം പഴങ്കലും കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവ് സണ്ണിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
കൊടിയത്തൂർ കോട്ടമ്മൽ പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തി.
ഒന്നാം സ്ഥാനത്തെത്തിയ ആൾ ജോലി വേണ്ടെന്ന് എഴുതിനൽകിയതിനാൽ രണ്ടാം റാങ്കുകാരിയായ കൂടരഞ്ഞി കൂമ്പാറ സ്വദേശിനിക്ക് ലഭിക്കുന്നതിനെ തുടർന്നാണ് കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ടതെന്നാണ് സൂചന. കോൺഗ്രസ് ഗ്രൂപ് സമവാക്യങ്ങളുടെ ഭാഗമായി സണ്ണി തന്നെയാണ് സംഭാഷണം പുറത്ത് വിട്ടതെന്നാണ് വിവരം.
സണ്ണിയും കരീമും കോൺഗ്രസിലെ രണ്ട് ചേരിയിലെ നേതാക്കളാണ്. മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി അമ്പതിനായിരം രൂപയാണ് കോഴയായി ആവശ്യപ്പെട്ടത്. സാധാരണ നിലയിൽ വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.