പൊട്ടിപ്പൊളിഞ്ഞ് റോഡുകളും പാലവും
text_fieldsകൊടിയത്തൂർ: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച കൊടിയത്തൂർ പഞ്ചായത്തിലെ റോഡുകളും പാലങ്ങളും സ്കൂൾ വിദ്യാർഥികള്‍ക്ക് ദുരിതമാകും. പഞ്ചായത്തിലെ ഏഴു സർക്കാർ സ്കൂളുകളും എട്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയുമുള്ള വിദ്യാർഥികളാണ് ജൂൺ മൂന്നോടെ ദുരിതത്തിലാവുന്നത്. മിക്ക പ്രധാന റോഡുകളും അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ രണ്ട് പ്രധാന റോഡുകളും ഒരു പാലത്തിന്റെ നിർമാണവുമാണ് പ്രധാനമായും ദുരിതത്തിലാക്കിയത്.
മഴക്കാലത്തിനുമുമ്പ് പൂര്‍ത്തിയാക്കാൻ പറ്റുന്ന പല പ്രവൃത്തികളും ഇഴഞ്ഞുനീങ്ങി, വിദ്യാർഥികളെ വലയ്ക്കുന്ന നിലയിലാണ് പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നത്. 36 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടി പൂർത്തീകരിച്ചാണ് ചുള്ളിക്കാപറമ്പ് കൊടിയത്തൂർ മണാശ്ശേരി റോഡിന്റെ നിര്‍മാണം രണ്ടര വർഷം മുമ്പ് ആരംഭിച്ചത്. എന്നാല്‍ പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനു മുന്നോടിയായി ജൽജീവൻ പ്രവൃത്തി കൂടി ആരംഭിച്ചിരുന്നു. ഇതുമൂലം കുന്നുമ്മൽ ആലുങ്ങൽ ഭാഗത്ത് വെള്ളകെട്ടും ചളിയും റോഡിൽ നിറഞ്ഞിരുന്നു, ചുള്ളിക്കാപറമ്പ് ചെറുവാടി കവലിട റോഡിന്റെയും പ്രവൃത്തി തുടങ്ങിയെങ്കിലും മഴ പെയ്തതോടെ മന്ദഗതിയിലായിരിക്കുകയാണ്. ചുള്ളിക്കാപറമ്പിൽനിന്ന് ചെറുവാടി അങ്ങാടിയിലേക്കുള്ള ബദൽ റോഡ് ചെളിനിറഞ്ഞ് വാഹനയാത്ര പൂർണമായും നിലച്ച അവസ്ഥയിലാണ്.
കാൽനട യാത്രക്കാർ ചെളി നീന്തിക്കടന്ന് അക്കര പറ്റേണ്ട സ്ഥിതിയിലാണ്. നേരത്തെ ഈ റോഡിൽ സമാനമായ രീതിയിൽ ചെളിനിറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ കരാറുകാർ ക്വാറി വേസ്റ്റ് നിരത്തി താൽക്കാലിക പരിഹാരം കണ്ടിരുന്നു. കോട്ട മുഴി പാലത്തിന്റെ പ്രവൃത്തി രണ്ടുമാസം മുമ്പ് തുടങ്ങിയിട്ടേയുള്ളുവെങ്കിലും ബദൽ റോഡ് ചളിമയമായതിനാൽ വിദ്യാർഥികൾ സുരക്ഷിതമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്കൂളുകള്‍ തുറക്കുന്നതോടെ നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഈ റോഡുകളിൽ യാത്ര ചെയ്യേണ്ടത്. മഴക്കാലം കൂടി വരുന്നതോടെ റോഡ് പ്രവൃത്തി വിദ്യാര്‍ഥികളെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.