കലുങ്ക് നിർമാണത്തിൽ അപാകത; നാട്ടുകാര്‍ പ്രതിഷേധിച്ചു, ഭിത്തി നിർമാണം നിര്‍ത്തി
text_fieldsകൊടിയത്തൂർ: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായ ഭിത്തി നിർമാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ഗോതമ്പ റോഡ് മാവായി തോടിന്റെ ഭാഗത്ത് കലുങ്ക് നിർമിച്ചത് അശാസ്ത്രീയവും അപകടക്കെണിയൊരുക്കുന്നതുമാണെന്നും നിർമാണത്തിലെ അപാകത ഉടന്‍ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.
ടാറിങ് നടത്തിയ റോഡില്‍നിന്നും ഒരടി പോലും ദൂരമില്ലാതെയാണ് കലുങ്കിന്റെ കൈവരി കെട്ടിയിരിക്കുന്നത്. ഇത് വന്‍ അപകടത്തിന് കാരണമാവുമെന്നും ഭിത്തി കെട്ടാൻ ആവശ്യമായ സ്ഥലം പിറകിലുണ്ടായിട്ടും അത് നീട്ടാതെ തിടുക്കപ്പെട്ട് ജോലി തീർക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന്‍ ഇവിടെ അപകടത്തില്‍പെട്ടിരുന്നു. മാവായി തോടിനോട് ചേര്‍ന്ന് കരിങ്കല്‍ ഭിത്തി കെട്ടുന്നതും അശാസ്ത്രീയമാണ്. പ്രശ്‌നപരിഹാരമുണ്ടാക്കാതെ മുന്നോട്ടുപോകുന്ന നിർമാണ കമ്പനിയുടെ ധിക്കാരം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ താക്കീത് നല്‍കിയതോടെയാണ് കലുങ്ക് ഭിത്തി കെട്ടല്‍ പ്രവൃത്തി നിര്‍ത്തിവെച്ചത്.
ഇതിനിടെ പ്രതിഷേധക്കാരോട് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായി പരാതിയുയർന്നിരുന്നു. നാട്ടുകാര്‍ ശ്രീധന്യ നിർമാണ കമ്പനിയുടെ കറുത്തപറമ്പിലെ ഓഫിസിലെത്തി പരാതി നല്‍കി. പരാതി അറിഞ്ഞതിനെ തുടർന്ന് ലിന്റോ ജോസഫ് എം.എല്‍.എ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.