സ്ഥലം കിട്ടി; തങ്കമണിക്കും കുടുംബത്തിനും ഇനി വീട് വേണം
text_fieldsകൊടിയത്തൂർ: അസുഖബാധിതയായ വയോധികയും രണ്ടു വിദ്യാർഥികളുമടങ്ങുന്ന കുടുംബം ഒറ്റമുറി കൂരയിൽനിന്ന് മോചനം കാത്തുള്ള നീണ്ട കാത്തിരിപ്പിന് അറുതിയാവുന്നു. സ്വന്തമായി സ്ഥലമോ വാസയോഗ്യമായ ഒരു വീടോ ഇല്ലാതിരുന്ന പന്നിക്കോട് സ്വദേശി എടപ്പറ്റ തങ്കമണിയുടെയും കുടുംബത്തിന്റെയും ദുരിതമകറ്റുന്നതിന് നാട്ടുകാർ മുൻകൈ എടുത്ത് രൂപവത്കരിച്ച കമ്മിറ്റിയുടെ പ്രവർത്തനമാണിപ്പോൾ ഫലംകണ്ടത്. തങ്കമണിയുടെയും കുടുംബത്തിന്റെയും കൂട്ടുസ്വത്തായ ഭൂമിയിലെ കൊച്ചു ഷെഡിലായിരുന്നു 16 വർഷമായി മകൻ ശ്രീകാന്തും ഭാര്യ ഷബ്നയും രണ്ടു മക്കളും കഴിഞ്ഞിരുന്നത്.
തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാൻ സഹായം തേടി ശ്രീകാന്ത് മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തത് വിനയായി.
ഈ കൂട്ടുസ്വത്ത് വീതംവെക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായത്. ശ്രീകാന്തിന്റെ അമ്മയുടെ കുടുംബത്തിലുള്ള അഞ്ചു പേർക്ക് അവകാശപ്പെട്ട 30 സെന്റ് സ്ഥലം വീതംവെക്കാൻ കഴിയാതിരുന്നതാണ് പ്രശ്നമായത്.
ഇതോടെ ആറംഗ ജനകീയ കമ്മിറ്റി നാട്ടുകാർ ചേർന്ന് രൂപവത്കരിക്കുകയായിരുന്നു. ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥലത്തിന്റെ വീതംവെപ്പ് പൂർത്തിയാക്കി ഭൂമി രജിസ്ട്രേഷനും നടത്തി.
തങ്കമണിക്കും കുടുംബത്തിനും വീട് നിർമിക്കാനായി മറ്റൊരു സ്ഥലത്ത് ഭൂമിയും വാങ്ങിയിട്ടുണ്ട്. മജീദ് പുതുക്കുടി ചെയർമാനും ബൈജു ഉണിക്കോരൻ കുന്നത്ത് ജനറൽ കൺവീനറും സി. ഫസൽ ബാബു ട്രഷററുമായി പുതിയ വീട് നിർമാണ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ താമസിക്കുന്ന ഈ കൊച്ചു കൂരയിൽ മൂന്നു മാസംകൂടി താമസിക്കുന്നതിനാണ് അനുമതിയുള്ളത്. അതിനുമുമ്പ് പുതിയ വീട് നിർമിച്ച് കുടുംബത്തെ അവിടേക്കു മാറ്റും.
അതിനുള്ള ശ്രമത്തിലാണ് നാട്ടുകാർ. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്തടക്കമുള്ള അഞ്ചംഗ കമ്മിറ്റി രക്ഷാധികാരികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.