കാറ്റ്, മഴ; വ്യാപക നാശനഷ്ടം
text_fieldsകൊടിയത്തൂർ: മൂന്നു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവുകയും ഇലക്ട്രിക് തൂണുകൾ പൊട്ടിവീണ് ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തു. ഇരുവഴിഞ്ഞിയിലും ചാലിയാറിലും വെള്ളം വർധിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളായ കാരാട്ട് റോഡ്, കണ്ടങ്ങൽ, അയ്യപ്പൻകുന്ന്, ചെന്നിപ്പറമ്പ് റോഡ്, എള്ളങ്ങൽ എന്നിവിടങ്ങളിൽ വെള്ളം കയറി.
കാരാട്ട് റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. പലയിടങ്ങളിലും മരങ്ങൾ വീഴുകയും മതിലിടിയുകയും ചെയ്തു. കാരക്കുറ്റി-നെല്ലിക്കപറമ്പ റോഡിൽ കട്ടിരിച്ചാൽ പ്രദേശത്ത് ഇലക്ട്രിക് ലൈനിലേക്ക് തേക്ക് വീണതിനെ തുടർന്ന് ഇരുമ്പ് തൂണടക്കം ഒമ്പതോളം വൈദ്യുതിത്തൂണുകൾ പൊട്ടി വീഴുകയും ഗതാഗത തടസ്സവും വൈദ്യുതി തകരാറുമുണ്ടാവുകയും ചെയ്തു. ഇതിലൂടെ യാത്രചെയ്ത ബൈക്ക് യാത്രികന് നിസ്സാര പരിക്കേറ്റു. സന്നദ്ധപ്രവർത്തകരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും തടസ്സങ്ങൾ നീക്കം ചെയ്തു.
മരം വീണ് വൈദ്യുതിത്തൂണുകൾ നശിച്ചു
മുക്കം: ശക്തമായ കാറ്റിൽ മരം വീണ് ചേന്ദമംഗലൂർ അങ്ങാടിയിൽ വൈദ്യുതിത്തൂണുകൾ നശിച്ചു. തിങ്കളാഴ്ച വൈകീട്ടത്തെ ശക്തമായ കാറ്റിൽ കൂറ്റൻ തേക്ക് മരം പൊട്ടിവീഴുകയായിരുന്നു. രണ്ടു വൈദ്യുതി തൂണുകൾ പൂർണമായും മൂന്നെണ്ണം ഭാഗികമായും നശിച്ചു.
ഇതുവഴി ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. മുക്കം അഗ്നിരക്ഷാനിലയത്തിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജിന്റെ നേതൃത്വത്തിലെത്തിയ ഫയർ ഓഫിസർമാരായ കെ. അഭിനേഷ്, കെ. രജീഷ്, ആർ. മിഥുൻ എന്നിവരും സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി.
കണ്ടങ്ങൽ-അയ്യപ്പൻകുന്ന്-ചെന്നിപ്പറമ്പ് റോഡ് വെള്ളത്തിൽ
കൊടിയത്തൂർ: മഴ ശക്തമായതോടെ കൊടിയത്തൂർ പഞ്ചായത്തിലെ 14ാം വാർഡ് കണ്ടങ്ങൽ-അയ്യപ്പൻകുന്ന്-ചെന്നിപ്പറമ്പ് റോഡ് വെള്ളത്തിനടിയിലായി. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ്. കോഴിക്കോട്-ഊട്ടി പാത ഉയർത്തിയതിനാൽ വളരെ താഴ്ന്നുകിടക്കുന്ന ഈ റോഡിന്റെ അവസ്ഥ ദയനീയമാണ്. വർഷ കാലമായാൽ കാൽനടപോലും സാധ്യമല്ല.
മാവൂർ-പന്നിക്കോട് റോഡിൽ നിന്ന് സൗത്ത് കൊടിയത്തൂർ ഭാഗത്തേക്ക് എളുപ്പത്തിലെത്തിച്ചേരാൻ സാധിക്കുന്ന ഈ റോഡ് കണ്ടങ്ങൽ അംഗൻവാടി, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുവാടി കമ്യൂണിറ്റി കേന്ദ്രം എന്നിവിടങ്ങിലേക്കുള്ള യാത്ര മാർഗമാണ്. മഴവെള്ളം വന്നാൽ റോഡ് പൂർണമായും മൂടിപ്പോകുന്ന അവസ്ഥയാണിപ്പോൾ. റോഡ് ഭിത്തികെട്ടി ഉയർത്തണമെന്ന് പ്രദേശവാസികളായ വൈത്തല അബൂബക്കർ, റഷീദ് അക്കരപ്പറമ്പിൽ, ഫഹദ് കണ്ടങ്ങൽ, റഈസ് കണ്ടങ്ങൽ, നവാസ് വൈത്തല, അഹമ്മദ് കണ്ടങ്ങൽ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.