ലക്ഷംവീട് കോളനിയല്ല, ഇനി ഗ്രീനറി വില്ല
text_fieldsകൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷംവീട് കോളനിക്ക് പകരം ഇനി ഗ്രീനറി വില്ല. പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖച്ഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് കോളനി നവീകരിച്ചത്.
ഗ്രാമപഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽനിന്ന് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ വസ്തുക്കൾ ഉപയോഗപ്പെടുത്തിയുമാണ് കോളനി നവീകരിച്ചത്. വീട് അറ്റകുറ്റപ്പണി, പ്ലാസ്റ്ററിങ്, പെയിന്റിങ്, പ്രവേശനകവാടം തുടങ്ങി വിവിധ പദ്ധതികളാണ് കോളനിയിൽ നടപ്പാക്കിയത്.
ലക്ഷംവീട് കോളനിയിലെ ദുരിതത്തിന് അറുതിവരുത്തി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.
രണ്ട് കോളനികളെയായിരുന്നു ആദ്യഘട്ടത്തിൽ നവീകരണത്തിനായി തെരഞ്ഞെടുത്തത്. 14 വീടുകളുള്ള രണ്ടാം വാർഡിലെ കാരക്കുറ്റി ലക്ഷംവീട് കോളനിയും 14ാം വാർഡിലെ ആലുങ്ങൽ കോളനിയുമാണവ.
രണ്ടാം വാർഡിലെ വീടുകളുടെ പ്രവൃത്തിയാണ് പൂർത്തിയായത്. ആലുങ്ങൽ കോളനിയിലെ പ്രവൃത്തി ഈ ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുംമുമ്പ് പൂർണമാവും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി ഗ്രീനറിവില്ല നാടിന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.