കൊടിയത്തൂർ പഞ്ചായത്ത് വിഭജിക്കാനൊരുങ്ങുന്നു
text_fieldsകൊടിയത്തൂർ: കോഴിക്കോട് ജില്ലയിൽനിന്ന് കൊടിയത്തൂർ പഞ്ചായത്ത് വിഭജിക്കാനൊരുങ്ങുന്നു. പുതിയ പഞ്ചായത്ത് തോട്ടുമുക്കത്ത് രൂപവത്കരിച്ചേക്കും. 2025ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് വാർഡ് വിഭജനം നടക്കുന്നത്. സർക്കാർ നിയോഗിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.
മാർച്ചിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനും പഞ്ചായത്ത് ഡയറക്ടർ കൺവീനറുമായി സർക്കാർ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊടിയത്തൂർ പഞ്ചായത്ത് വിഭജിച്ച് തോട്ടുമുക്കം കേന്ദ്രമായി മറ്റൊരു പഞ്ചായത്തും കോടഞ്ചേരി പഞ്ചായത്ത് വിഭജിച്ച് നെല്ലിപ്പൊയിൽ കേന്ദ്രമായി മറ്റൊരു പഞ്ചായത്തും രൂപവത്കരിക്കാനാണ് ശ്രമം. നഗരകാര്യ ഡയറക്ടർ, ചീഫ് ടൗൺ പ്ലാനർ, കില ഡയറക്ടർ എന്നിവർകൂടി ഉൾപ്പെട്ടതാണ് സമിതി.
മലയോര പഞ്ചായത്തുകളായ കൊടിയത്തൂർ, കോടഞ്ചേരി എന്നിവ ഭൂമിശാസ്ത്രപരമായി വലിയ പഞ്ചായത്തുകളാണ്. കാരശ്ശേരി പഞ്ചായത്തിന്റെ ഭാഗങ്ങളായ പാറത്തോട്, തോട്ടക്കാട്, മൈസൂർപറ്റ എന്നിവ തോട്ടുമുക്കം കേന്ദ്രമായി രൂപവത്കരിക്കുന്ന പഞ്ചായത്തിലേക്ക് കൂട്ടിച്ചേർത്തേക്കും.
മരഞ്ചാട്ടിയുടെ കുറച്ചു ഭാഗങ്ങളും കൂട്ടിച്ചേർക്കും. വാലില്ലാപുഴയിലെ ജില്ല അതിർത്തി മുതൽ ഗോതമ്പുറോഡ് വരെയുള്ള പ്രദേശങ്ങളും തോട്ടുമുക്കം പഞ്ചായത്തിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് സൂചന.
വലിയ പഞ്ചായത്തുകൾ വിഭജിച്ച് അതിർത്തി പുനർനിർണയിക്കാനുള്ള ശിപാർശയാണ് സമിതി സർക്കാറിന് നൽകിയിട്ടുള്ളത്. കഴിഞ്ഞ തെരെഞ്ഞടുപ്പിനു മുമ്പ് വാർഡ് വിഭജനത്തിന് നീക്കം നടന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു. വാർഡ് വിഭജന നടപടികൾ പൂർത്തിയാക്കാൻ ഒരു വർഷത്തോളം വേണ്ടിവരും. 2001ലെ സെൻസസ് പ്രകാരം 2010ലാണ് സമ്പൂർണമായി ഇതിനു മുമ്പ് വാർഡ് വിഭജനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.