റോഡ് പ്രവൃത്തിയിൽ ഏകോപനമില്ല; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗംചേർന്നു
text_fieldsകൊടിയത്തൂർ: മണാശ്ശേരി ചുള്ളിക്കാപറമ്പ് റോഡ് നവീകരണത്തിൽ കൊടിയത്തൂർ അങ്ങാടി മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തി വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മമൂലം പ്രതിസന്ധിയിലായതോടെ ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗംചേർന്നു.
പ്രവൃത്തിയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും മറ്റും നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചത്.
നിലവിൽ 10 മീറ്റർ വീതിയിൽ നവീകരിക്കുന്ന റോഡിൽ ഏഴുമീറ്റർ ടാറിങ്ങും രണ്ടുഭാഗത്തും ഓരോ മീറ്റർ വീതം അഴുക്കുചാലും 50 സെന്റിമീറ്റർ ജല അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കുമാണ്. പ്രവൃത്തികൾക്ക് ഏകോപനമില്ലാതായതോടെ കെ.എസ്.ഇ.ബി തൂണുകൾ മാറ്റിസ്ഥാപിക്കുകയും ജല അതോറിറ്റിക്ക് പൈപ്പിടാൻ സ്ഥലമില്ലാതാവുകയുമായിരുന്നു.
അഴുക്കുചാൽ പ്രവൃത്തിക്കായി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തതോടെ നിലവിൽ നിരവധി കുടുംബങ്ങൾ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് പൈപ്പുകൾ മാറ്റുന്നതിന് കാലതാമസം നേരിടുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് യോഗംചേർന്നത്.
പരാതികളുയർന്ന സ്ഥലങ്ങൾ ലിന്റോ ജോസഫ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു. ടാറിങ്ങിനും അഴുക്കുചാലിനുമിടയിൽ ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതും അതിന് മുകളിൽ ഇൻറർലോക്ക് കട്ടകൾ വിരിക്കുന്നതും പരിഗണിച്ചാൽ പ്രശ്നപരിഹാരമാവുമെന്ന് എം.എൽ.എ പറഞ്ഞു.
തുടർന്ന് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി, സ്ഥിരംസമിതി ചെയർമാൻ എം.ടി. റിയാസ്, പഞ്ചായത്ത് മെംബർമാരായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, കെ.ജി. സീനത്ത്, സെക്രട്ടറി പി. ആബിദ, കെ.ആർ.എഫ്.ബി, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.