ഇരുവഴിഞ്ഞിക്കായി കൂട്ടായ്മകൾ ഒരുമിച്ചൊഴുകും
text_fieldsകൊടിയത്തൂർ: 'ഒരുമിച്ചൊഴുകാം, പുഴക്കായി ഒരു ദിനം' എന്ന പേരിൽ എൻ്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൂലായ് 11ന് ഇരുവഴിഞ്ഞി പുഴയിൽ മഹാ ശുചീകരണ യജ്ഞം നടത്തുന്നു. അഗസ്ത്യൻമുഴി മുതൽ കൂളിമാട് വരെയാണ് ശുചീകരണം നടത്തുന്നത്.
കൊടിയത്തൂർ, കാരശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രദേശത്തെ മുഴുവൻ സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും. 60 ലധികം സന്നദ്ധ കൂട്ടായ്മകൾ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവുന്നുണ്ട്. ആംബുലൻസ് സൗകര്യവും, മാലിന്യങ്ങളെടുക്കാൻ തോണികളും, മറ്റു ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മരക്കമ്പുകളും മറ്റും വെട്ടിമാറ്റി ഒഴുക്ക് തടസ്സരഹിതമാക്കും. പുഴയിൽ നിന്ന് ശേഖരിക്കുന്ന മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും വെയിസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ഗ്രീൻ വേമ്സ് ഏറ്റെടുക്കും. പുഴ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഹരിത കേരളം മിഷൻ സർട്ടിഫിക്കറ്റ് നൽകും.
ശുചീകരണത്തെത്തുടർന്ന് ആരാധനാലയങ്ങൾ, വിവിധ പി.ടി.എ.കൾ, കുടുംബശ്രീ, തൊഴിലുറപ്പ്, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, കടവ് കൂട്ടായ്മകൾ തുടങ്ങിയവയിലൂടെ പുഴ സംരക്ഷണ ബോധവൽക്കരണം നടത്തും. പുഴ മലിനപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പെലീസിനും തദ്ദേശ സ്ഥാപനങ്ങൾക്കും സഹായം നൽകും.
തീരദേശ വാർഡുകളിൽ വാർഡംഗങ്ങളുടെ നേതൃത്വത്തിൽ കാവൽ സമിതികൾ രൂപീകരിക്കും. 'എന്‍റെ സ്വന്തം ഇരുവഴിഞ്ഞി' കൂട്ടായ്മ ചെയർമാൻ പി.കെ.സി. മുഹമ്മദ്, ജന.കൺവീനർ കെ.ടി.എ. നാസർ, ശുചീകരണ യജ്ഞം ചെയർമാൻ ജി.അബ്ദുൾ അക്ബർ, കൺവീനർ എൻ.ശശികുമാർ, ജോ.കൺ. വി.നാജി എന്നിവരാണ് മഹാ യജ്ഞ്ഞത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.