നെറ്റ്വർക്കില്ല, ഫോണില്ല: ഓൺലൈൻ ക്ലാസിൽ ‘പരാതിപ്പനി’
text_fieldsകൊടിയത്തൂർ: നിപ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായതോടെ പ്രതിസന്ധിയും രൂക്ഷമായി. കൃത്യമായ നെറ്റ്വർക്ക് ലഭിക്കാത്തതും മൊബൈൽ ഫോണുകളുടെ അപര്യാപ്തതയും മലയോര മേഖലയിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ജില്ലയിൽ സെപ്റ്റംബർ 18 മുതൽ 23 വരെ ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തണമെന്ന കലക്ടറുടെ നിർദേശം എല്ലാ കുട്ടികളിലും എത്തില്ലെന്ന ആശങ്കയിലാണ് മലയോരവാസികൾ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചാലക്കൽ, തൊട്ടിമ്മൽ, പഴംപറമ്പ്, തോട്ടുമുക്കത്തെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മിക്ക കമ്പനികളുടെയും നെറ്റ് വർക്ക് ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളാണ് ഒട്ടുമിക്ക വിദ്യാർഥികളും ഉപയോഗിക്കുന്നത്. അവർ വീട്ടിലില്ലാതിരുന്നാൽ കുട്ടികൾക്ക് ക്ലാസ് നഷ്ടമാവുന്ന അവസ്ഥയാണ്. മൂന്നും നാലും കുട്ടികൾ പഠിക്കുന്ന വീടുകളിൽ പരമാവധി രണ്ട് ഫോണുകൾ മാത്രമാണുള്ളത്. ഇതും പ്രതിസന്ധിയാണ്.
ചില കുടുംബങ്ങളിൽ ആൻഡ്രോയ്ഡ് ഫോണുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ചില പ്രദേശങ്ങളിൽ ടവർ ഇല്ലാത്തതിനാൽ നെറ്റ് വർക്ക് കുറവാണ്. മലയോര മേഖലയിലെ ഉൾപ്രദേശങ്ങളിലും ഇതേ അവസ്ഥയാണ്. ഇത്തരം പ്രദേശങ്ങളിലെ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.