പഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ടു; അംഗൻവാടി കുട്ടികൾക്ക് ദുരിതത്തിൽനിന്ന് മോചനം
text_fieldsകൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽപെട്ട പൊലുകുന്ന് സാംസ്കാരിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലെ കുട്ടികളും ജീവനക്കാരും വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്തിന്റെ ഇടപെടലിലൂടെ പരിഹാരം. പ്രാണികളുടെ ശല്യമായിരുന്നു പ്രധാന പ്രശ്നം.
ചെറിയരീതിയിലായിരുന്ന ശല്യം അടുത്ത കാലത്തായി രൂക്ഷമായിരുന്നു. 25ഓളം കുട്ടികളുള്ള ഈ അംഗൻവാടിയിൽ ശല്യം കാരണം പല രക്ഷിതാക്കളും കുട്ടികളെ അയക്കാതെയുമായി. കുട്ടികൾ ഇരിക്കുന്നിടത്തും അടുക്കളയിലുമെല്ലാം പ്രാണിശല്യം രൂക്ഷമാണ്.ജീവനക്കാർ പലരെയും വിളിച്ച് അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല.
കഴിഞ്ഞ ദിവസം അംഗൻവാടിയിലെ ടീച്ചറും പ്രദേശവാസിയായ യുവാവും സംഭവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെ ശ്രദ്ധയിൽപെടുത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, വാർഡ് മെംബർ ബാബു പൊലുകുന്നത്ത് എന്നിവരോടൊപ്പം സ്ഥലം സന്ദർശിച്ച പ്രസിഡൻറ് അംഗൻവാടിയുടെ പ്രവർത്തനം താൽക്കാലികമായി മറ്റൊരുസ്ഥലത്തേക്ക് മാറ്റാൻ നടപടി സ്വീകരിക്കുകയായിരുന്നു. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുകയും ചെയ്തു.
അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻ സ്വകാര്യവ്യക്തി സ്ഥലം സൗജന്യമായി നൽകാമെന്നേറ്റിട്ടുണ്ടെന്നും ഉടൻ പുതിയകെട്ടിടം നിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും വാർഡ് മെംബർ ബാബു പൊലുകുന്ന് അറിയിച്ചു. ചെറുവാടി കുറ്റിക്കാട്ടുകുന്ന് അംഗൻവാടിക്കുകൂടി കെട്ടിടമാവുന്നതോടെ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമെന്ന നേട്ടത്തിലേക്ക് ഗ്രാമപഞ്ചായത്ത് എത്തുമെന്ന് ക്ഷേമകാര്യ ചെയർമാൻ എം.ടി. റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.