ക്വാറി: പ്രതിഷേധം തുടരുന്നു
text_fieldsകൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ഗോതമ്പ റോഡ് തോണിച്ചാലിലെ ക്വാറി വിഷയത്തിൽ പ്രതിഷേധം തുടരുന്നു. നേരത്തേ ഗ്രാമപഞ്ചായത്തിന്റെയും റവന്യൂ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുംമുമ്പ് ക്വാറികൾ പ്രവർത്തിച്ചതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി ടി. ആബിദയെ ഉപരോധിച്ചു.
പഞ്ചായത്ത് ഉദ്യോഗസ്ഥർ ക്വാറിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. സമരക്കാരോട് സെക്രട്ടറി പുറത്തുപോവാൻ ആവശ്യപ്പെട്ടത് വാഗ്വാദത്തിന് കാരണമായി. ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് സമരക്കാർ പറഞ്ഞു. മുക്കാൽ മണിക്കൂറോളം നടത്തിയ ഉപരോധത്തിനൊടുവിൻ മുക്കം പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തുകയും പ്രദേശം സന്ദർശിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥക്ക് അയവ് വന്നത്.
അതേസമയം പ്രശ്നം പരിഹരിക്കാമെന്ന് ക്വാറി ഉടമകൾ പറഞ്ഞിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ സമയം നൽകേണ്ടതുണ്ടന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നിയമപരമായി സ്റ്റോപ് മെമ്മോ നൽകാൻ അവകാശമില്ലെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയാണെന്നും സെക്രട്ടറി പറഞ്ഞു. ഇതിനിടെ പൊലീസും സമരസമിതിയും ക്വാറികളിൽ സന്ദർശനം നടത്തി പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചു. പ്രതിഷേധ സമരത്തിന് വാർഡ് മെംബർ കോമളം തോണിച്ചാൽ, ബഷീർ പുതിയോട്ടിൽ, കബീർ കണിയാത്ത്, മുനീർ ഗോതമ്പ റോഡ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.