ഈ റോഡെന്താ ഇങ്ങനെ? തെയ്യത്തുംകടവ് മുതൽ കോട്ടമ്മൽ വരെ റോഡ് നവീകരണം അനിവാര്യം
text_fieldsകൊടിയത്തൂർ: കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പത്ത് മീറ്റർ വീതിയിൽ മണാശ്ശേരി മുതൽ ചുള്ളിക്കാപ്പറമ്പ് വരെ റോഡ് നവീകരണ പ്രവൃത്തി നടക്കുകയാണെങ്കിലും ഇതിൽ ഉൾപ്പെട്ട തെയ്യത്തുംകടവ് മുതൽ കോട്ടമ്മൽ അങ്ങാടി വരെ നവീകരണത്തിൽ ഉൾപ്പെടാതെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിനിന്ന് ചളിമയമാണ് റോഡ്. അഞ്ച് മീറ്റർ താഴെ വീതിയുള്ള പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്കരമാണ്. വീതികുറഞ്ഞതും വളവുകളുള്ളതുമായ റോഡിലൂടെയുള്ള ലോറികളുടെ അതിവേഗ സഞ്ചാരം ഇതര വാഹനയാത്രികർക്കും കാൽനടയാത്രികർക്കും ആശങ്കയുണ്ടാക്കുന്നു. ഈ ഭാഗങ്ങളിലെ നവീകരണപ്രവൃത്തി സ്വപ്നമായി തുടരുകയാണ്. സർക്കാർ സ്‌കൂളും നഴ്‌സറിയുമടക്കം നിരവധി സ്ഥാപനങ്ങൾ ഈ റോഡിന്റെ ഇരുവശങ്ങളിലുമുണ്ട്.
കോട്ടമ്മൽ അങ്ങാടി മുതൽ തെയ്യത്തുംകടവ് വരെയുള്ള ഭാഗത്ത് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു. കോട്ടമ്മലങ്ങാടിയിൽനിന്ന് താഴോട്ടുവരുന്ന ഇടുങ്ങിയ റോഡിനെ വീതി കൂട്ടാൻ ആവശ്യമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല .
2013ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം റോഡ് വികസനം നടത്തി ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഭൂമി നഷ്ടപ്പെടുന്ന ഉടമകളിൽ ചിലർ പറയുന്നത്.
വികസനത്തിന് എതിരല്ലെന്നും നാലര വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ എല്ലാ പ്രശ്നങ്ങളും അറിയിച്ച് അന്നത്തെ ജില്ല കലക്ടർക്ക് നിവേദനം നൽകുകയും അതുപ്രകാരം കലക്ടർ സ്ഥലം സന്ദർശിക്കാമെന്ന് അറിയിച്ചെങ്കിലും ഇത് വരെ സന്ദർശിച്ചിട്ടില്ലെന്നും അന്നത്തെ എം.എൽ.എയെ ഇക്കാര്യങ്ങൾ ബോധിപ്പിച്ചതാണെന്നും കൊടിയത്തൂർ പഞ്ചായത്തിലും നിവേദനം നൽകിയിട്ടുണ്ടെന്നും ഭൂവുടമയായ അബ്ദുൽ ബാവ പൂളക്കൽ പറഞ്ഞു.
നാല് സെന്റും അഞ്ച് സെന്റുമുള്ളവരുടെ കിണറടക്കമുള്ള പ്രധാന ഭാഗങ്ങളാണ് നഷ്ടപ്പെടുന്നതെന്നും അതിന് മാന്യമായ നഷ്ടപരിഹാരം ആവശ്യമാണെന്നും ബാവ പറഞ്ഞു. ജനപ്രതിനിധികൾ ഇടപെട്ട് മാന്യമായ തീരുമാനമെടുത്ത് മണാശ്ശേരി, ചുള്ളിക്കാപ്പറമ്പ് റോഡ് നവീകരണ ഭാഗമായ തെയ്യത്തുംകടവ് മുതൽ കോട്ടമ്മൽ റോഡിന്റെ നവീകരണം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.