പാതിവഴിയിലായി റോഡ് നവീകരണം: യാത്ര ദുഷ്കരം, പൊടിശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ
text_fieldsകൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടി മുതൽ ചുള്ളിക്കാപറമ്പ് വരെ റോഡ് നവീകരണ പ്രവൃത്തി പാതിവഴിയിലായതോടെ പൊടിശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ. 2021 ഫെബ്രുവരിയിൽ അന്നത്തെ എം.എൽ.എയായിരുന്ന ജോർജ് എം. തോമസ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച മണാശ്ശേരി ചുള്ളിക്കാപ്പറമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള റോഡാണിത്.
36 കോടി രൂപയാണ് കിഫ്ബി മുഖേന അനുമതി ലഭിച്ചത്. ഉദ്യോഗസ്ഥരും വിദ്യാർഥികളുമടക്കം നിരവധി പേർ ആശ്രയിക്കുന്ന കൊടിയത്തൂർ കോട്ടമ്മൽ മുതൽ ചുള്ളിക്കാപറമ്പ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. പ്രവൃത്തി മന്ദഗതിയിലായതും വാഹനങ്ങളുടെ ആധിക്യവും കാരണം റോഡിന് സമീപമുള്ള കടകളിലും വലിയ പൊടിശല്യമാണെന്നാണ് കച്ചവടക്കാർ പറയുന്നത്.
ജൽ ജീവൻ പദ്ധതിയുടെ പ്രവൃത്തിയുള്ളതിനാലും സൗത്ത് കൊടിയത്തൂർ, ചുള്ളിക്കാപറമ്പ് എന്നിവിടങ്ങളിൽ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാവാത്തതുമാണ് പ്രവൃത്തിയുടെ മെല്ലെപ്പോക്കിന് കാരണമെന്ന് കരാർ കമ്പനിയായ കെ.കെ. ബിൽഡേഴ്സ് എൻജിനീയർ ശാഹുൽ ഹമീദ് പറഞ്ഞു.
കോട്ടമ്മൽ അങ്ങാടിയിലെ ഡ്രെയ്നേജ് സംവിധാനം എത്രയും വേഗം പൂർത്തീകരിക്കണമെന്നും നാട്ടുകാരെയും കടക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന പൊടിശല്യത്തിന് അറുതിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ശാഹുൽ ഹമീദുമായി വാർഡ് അംഗം ടി.കെ. അബൂബക്കറും വെൽഫെയർ പാർട്ടി പ്രതിനിധികളും ചർച്ച നടത്തി. എത്രയും വേഗം പരിഹാര നടപടികളുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.