കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയം; അന്താരാഷ്ട്ര നിലവാരത്തിേലക്ക് ഉയർത്താൻ സ്പോർട്സ് സമ്മിറ്റ്
text_fieldsകൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ഏക ഇലവൻസ് കോർട്ടായ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയത്തിൽ കൂടുതൽ വികസന പ്രവൃത്തിക്ക് സാധ്യത തെളിയുന്നു. നിലവിൽ വർഷത്തിൽ ആറുമാസം മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഗ്രൗണ്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെയും സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് സ്പോർട്സ് സമ്മിറ്റ് നടന്നത്.2.75 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് നവീകരണത്തിനായി യങ് സ്റ്റാർ കാരക്കുറ്റിയുടെ ആഭിമുഖ്യത്തിൽ 26 സെന്റ് സ്ഥലം ഏറ്റെടുത്ത് ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയിരുന്നു. ഇതോടൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പഞ്ചായത്തിൽ ഒരു ഗ്രൗണ്ട് പദ്ധതിയുടെ ഭാഗമായി ഇതിഹാസ് ഗ്രൗണ്ടിനെ പഞ്ചായത്ത് തെരഞ്ഞെടുത്തു. പ്രോജക്ടിന് ജില്ലയിൽ അംഗീകാരവും ലഭിച്ചു. ഗ്രൗണ്ടിനോട് ചേർന്ന് നിർമിക്കുന്ന നീന്തൽകുളത്തിന് 20 ലക്ഷത്തിന്റെ പ്രവൃത്തിക്കായി ടെൻഡർ നടപടിയും പൂർത്തിയായി.
സ്പോർട്സ് സമ്മിറ്റിൽ ജനപ്രതിനിധികൾ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, വിവിധ ക്ലബ് ഭാരവാഹികൾ, കായിക പ്രേമികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വാക്കിങ് ട്രാക്ക്, വോളിബാൾ കോർട്ട്, ക്രിക്കറ്റ് പിച്ച്, ഫുട്ബാളിനായി സെവൻസ്, ലെവൻസ് സൗകര്യം, നാച്വറൽ പൂൾ, ഗ്യാലറി, ഓപൺ ജിം, അത്ലറ്റിക്സ് കോർട്ട്, ഹൈമാസ്റ്റ് ലൈറ്റ്, ബാത്ത് റൂം, ഡ്രസിങ് റൂം, ഓവുചാൽ സംവിധാനം തുടങ്ങിയവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷതവഹിച്ചു.
വാർഡ് മെംബർമാരായ വി. ഷംലൂലത്ത്, ടി.കെ. അബൂബക്കർ, തൊഴിലുറപ്പ് എ.ഇ. ദീപേഷ്, ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസി. എം.എ. അബ്ദുൽ അസീസ് ആരിഫ്, ഇർഷാദ് കൊളായി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.