വയനാട് ദുരന്ത കരിക്കേച്ചറുമായി അഞ്ചാം ക്ലാസ് വിദ്യാർഥിനി
text_fieldsകൊടിയത്തൂർ: വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയതും തുടർദിവസങ്ങളിൽ നടന്ന സംഭവങ്ങളും കാരിക്കേച്ചർ രൂപത്തിൽ വരച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനി. ഗോതമ്പ റോഡ് കുളങ്ങര എ.പി. ഹിദ ഫാത്തിമയാണ് കണ്ണീരോടെ മുണ്ടക്കൈയിൽ എന്ന തലക്കെട്ടിൽ വയനാട് ദുരന്തം 12 ചെറിയ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചത്.
വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലും തുടർന്ന് സമീപപ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നതും ജനങ്ങൾ മരിക്കുന്നതും കെട്ടിടങ്ങൾ നിലംപതിക്കുന്നതും കൃത്യമായി തന്റെ ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്നുണ്ട്. തുടർന്നുള്ള ചിത്രങ്ങളിൽ, പ്രയാസത്തിലായ ജനങ്ങൾക്ക് ആനയുടെ സംരക്ഷണവും നീതു എന്ന ആരോഗ്യ പ്രവർത്തകയുടെ ഫോൺവിളിയും രക്ഷാപ്രവർത്തനവും കുട്ടിയെ രക്ഷപ്പെടുത്തുന്നതും 190 അടി നീളമുള്ള ബെയിലി പാലവും വെള്ളത്തിൽ മുങ്ങിയ വെള്ളാർമല സ്കൂളും കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട നൗഫലിന്റെ കാത്തിരിപ്പുമെല്ലാമുണ്ട്.
ഗോതമ്പ് റോഡ് അൽ മദ്റസത്തുൽ ഇസ്ലാമിയ അധ്യാപകൻ ശിഹാബുൽ ഹഖിന് ചിത്രം ലഭിച്ചതോടെയാണ് സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലാകുന്നത്. മുക്കം കുളങ്ങര അജ്മലിന്റെയും റുമൈസ ബാനുവിന്റെയും മകളാണ് ഈ 10 വയസ്സുകാരി. ചിത്രം വൈറലായതോടെ മദ്റസ അധികൃതർ ഹിദക്ക് സമ്മാനവും നൽകി. ആഗസ്റ്റ് 15ഓടെയാണ് ചിത്രം വരച്ചതെന്നും സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹിദ ഫാത്തിമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.