മോഷണം പതിവായി ഉറക്കമില്ലാതെ മലയോരം
text_fieldsകൊടിയത്തൂർ: ലോക്ഡൗൺ കാലത്ത് മലയോര മേഖലയിൽ മോഷണം പതിവാകുന്നു. വെള്ളിയാഴ്ച പുലർച്ച തോട്ടുമുക്കം പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. 1-2.30 ഇടയിലുള്ള സമയത്താണ് മോഷ്ടാവ് അകത്തുകടന്നെതന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. പമ്പിൽനിന്നും ലഭിച്ച പണം ഉടമ വീട്ടിലേക്ക് കൊണ്ടുപോയതിനാൽ 1000 രൂപയും ഒരു മൊബൈൽ ഫോണും മാത്രമാണ് നഷ്ടപ്പെട്ടത്.
പൊടി തട്ടാനുപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് മോഷ്ടാവ് സി.സി.ടി.വി കാമറകൾ മറയ്ക്കാൻ ശ്രമം നടത്തിയതിനുശേഷം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഗ്ലാസ് ഡോർ തകർത്താണ് അകത്തുകയറിയത്. ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡി.വി.ആർ) തകർക്കുകയും സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പമ്പ് അടച്ചുപോയ ജീവനക്കാർ ശനിയാഴ്ച രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുക്കം എസ്.ഐ സജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടുദിവസം മുമ്പ് മുക്കം ഓർഫനേജ് റോഡിലെ മൊബൈൽ ഷോപ്പിലും നെല്ലിക്കാപ്പറമ്പിൽ ബുള്ളറ്റ് മോഷണവും ചോണാട്, ചെറുവാടി പ്രദേശങ്ങളിലും സമാന സംഭവം നടന്നിരുന്നു. മോഷണം വ്യാപകമായതിനെത്തുടർന്ന് നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. നൈറ്റ് പട്രോളിങ് ഉൾപ്പെടെ ശക്തമാക്കും.
പരിശോധന ശക്തിപ്പെടുത്താനായി പ്രത്യേക പൊലീസ് സ്ക്വാഡ് രൂപവത്കരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.