കോട്ടമ്മൽ-തെയ്യത്തുംകടവ് റോഡിൽ സ്‌കൂൾ സമയങ്ങളിലും ടിപ്പറുകൾ
text_fieldsകൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടി മുതൽ തെയ്യത്തുംകടവ് വരെയുള്ള ഭാഗങ്ങളിൽ ടിപ്പർ ലോറികൾ സ്കൂൾ സമയ നിയന്ത്രണം ലംഘിച്ച് അതിവേഗത്തിൽ സർവിസ് നടത്തുന്നതായി ആക്ഷേപം.
രാവിലെ എട്ടര മുതൽ പത്തുമണി വരെയും വൈകീട്ട് മൂന്നര മുതൽ അഞ്ചുമണി വരെയുമുള്ള സമയങ്ങളിൽ ടിപ്പർ ലോറികൾ നിരത്തിൽ ഇറങ്ങുന്നതിന് നിരോധനമുണ്ടെങ്കിലും റോഡിലൂടെ രാവിലെയും വൈകുന്നേരവും നിയന്ത്രണമില്ലാതെ മത്സരിച്ചോടുകയാണ് ഭാരം കയറ്റിയ വാഹനങ്ങൾ.
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പത്ത് മീറ്റർ വീതിയിൽ മണാശ്ശേരി മുതൽ ചെറുവാടി വരെ റോഡ് നവീകരണ പ്രവൃത്തി നടക്കുകയാണെങ്കിലും ഇതിൽ ഉൾപ്പെട്ട തെയ്യത്തുംകടവ് മുതൽ കോട്ടമ്മൽ അങ്ങാടി വരെ നവീകരണത്തിൽ ഉൾപ്പെടാതെ പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണ്.
വീതികുറഞ്ഞതും കൊടുംവളവുകളുള്ളതുമായ റോഡിലൂടെയുള്ള ലോറികളുടെ അതിവേഗ സഞ്ചാരം ഇതര വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ആശങ്കയുണ്ടാക്കുന്നു. സർക്കാർ സ്‌കൂളും നഴ്‌സറിയുമടക്കം നിരവധി സ്ഥാപനങ്ങൾ ഈ റോഡിനു സമീപമാണ്.
സ്‌കൂൾ സമയങ്ങളിൽ കൊടിയത്തൂർ ഭാഗങ്ങളിലൂടെ വഴി മാറി സഞ്ചരിക്കുകയാണെന്നും ഇടുങ്ങിയ റോഡിലൂടെയുള്ള ടിപ്പറുകളുടെ ഓട്ടം അപകടം വരുത്തുമെന്നും നാട്ടുകാർ പറയുന്നു.
നിവേദനം നൽകി
കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടി -തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്തിന് നിവേദനം നൽകി.
വിഷയം ചർച്ചചെയ്യാൻ പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്ന് അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ടി. അബ്ദുൽ ഹമീദ് അധ്യക്ഷതവഹിച്ചു. റഫീഖ് കുറ്റ്യോട്ട്, ടി.കെ. അബൂബക്കർ, സാലിം ജീ റോഡ്, ഇ.എൻ. നദീറ, ജാഫർ പുതുക്കുടി, ടി.കെ. അമീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.