ഇന്ന് പാലിയേറ്റീവ് ദിനം: സന്നദ്ധ സേവകരായി ഡോക്ടർ ദമ്പതികൾ
text_fieldsകൊടിയത്തൂർ (കോഴിക്കോട്): സാന്ത്വന പരിചരണ രംഗത്ത് വ്യത്യസ്തമായ പ്രവർത്തനവുമായി ഡോക്ടർ ദമ്പതികൾ. ശ്യാം മുതലിയാരും ഭാര്യ ആനി ശ്യാമുമാണ് അഞ്ചു വർഷത്തിലധികമായി പാലിയേറ്റിവ് മേഖലയിൽ സൗജന്യമായി സേവനം ചെയ്തുവരുന്നത്. 50 വർഷത്തോളം ലണ്ടനിലും ടൊറോന്റൊയിലും സേവനമനുഷ്ഠിച്ച ശ്യാം മുതലിയാർ ഫിസിഷനും പക്ഷാഘാത പുനരധിവാസ പരിശീലകനുമാണ്. മദ്രാസ് ഗവ. ജനറൽ ആശുപതിയിൽ നിന്ന് ഫിസിയോതെറപ്പിയിൽ സ്വർണമെഡൽ നേടിയ ഭാര്യ ആനി ശ്യാം ടൊറോന്റൊയിൽ പക്ഷാഘാത പുനരധിവാസം പരിശീലിക്കുകയായിരുന്നു. 25 വർഷത്തോളം വിവിധ രാജ്യങ്ങളിൽ ചികിത്സ നടത്തിയിട്ടുണ്ട്.
നാട്ടിൽ തിരിച്ചെത്തിയതോടെ രോഗം കാരണം കിടപ്പിലായവർക്കായി സന്നദ്ധ സേവനത്തിന് തയാറായിരിക്കുകയാണ് ഈ ഡോക്ടർമാർ. കൊടിയത്തൂർ, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി എന്നിവിടങ്ങളിലെ സാന്ത്വനപരിചരണ കേന്ദ്രങ്ങളിൽ സൗജന്യമായി രോഗികളെ പരിശോധിക്കുകയും നിർദേശങ്ങൾ നല്കുകയും ചെയ്യുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർ ദമ്പതികളുടെ സേവനം രോഗികള്ക്ക് വിഡിയോ കോള് വഴിയോ, ഫോണ് കോള് വഴിയോ നൽകും. ഗ്രാമപ്രദേശത്തിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയറാണ് കൊടിയത്തൂരിലേത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും ഇവർ രണ്ട് പേരും മുന്നിലുണ്ട്. തമിഴ്നാട്ടിലെ ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായുള്ള 'സ്പാസ്റ്റിക് സൊസൈറ്റി'യുടെ ഡയറക്ടറായിരുന്നു ആനി ശ്യം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെറിബൽപാൾസി എന്ന കൂട്ടായ്മ ഭിന്നശേഷി കുട്ടികളുടെ കുടുംബത്തിന് നൽകുന്ന ക്ലാസുകൾക്കും കൗൺസലിങ്ങുകൾക്കും നേതൃത്വം നൽകുന്നുണ്ട്.
ഹൃദയത്തോടു ചേർത്തുപിടിച്ച് നെസ്റ്റ്
കൊയിലാണ്ടി: അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പാലിയേറ്റിവ് രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തി കൊയിലാണ്ടി നെസ്റ്റ് 17ാം വർഷത്തിലേക്ക്. നിസ്സഹായയായ ഒരു അമ്മക്ക് തണലേകി 2005ലായിരുന്നു തുടക്കം. തെരുവിലേക്കിറക്കാതെ കൈചേർത്തുപിടിച്ചു.
അപ്പോൾ ഒരു രൂപ പോലും ഇതിൽ താൽപര്യമെടുത്തവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. നിശ്ചയദാർഢ്യം മാത്രമായിരുന്നു കൈമുതൽ. പിന്നെ നെസ്റ്റ് വളർന്നു. 5,900 രോഗികൾ ഇതുവരെ സ്നേഹവും പരിചരണവും ഏറ്റുവാങ്ങി. 3830 രോഗികൾക്ക് അവസാന നിമിഷങ്ങളിൽ സാന്ത്വനവും ആശ്വാസവും പകർന്നു. തളർന്നുപോയ കുടുംബാംഗങ്ങൾക്ക് ധൈര്യവും ആശയവുമാണ് നെസ്റ്റ്. 12,000ത്തോളം ഒ.പികളിലായി 3000ത്തോളം അർബുദ രോഗികളും 1500, പ്രായംകൊണ്ട് ബുദ്ധിമുട്ടിയവരും അത്രയുംതന്നെ മറ്റു രോഗങ്ങളാൽ വലഞ്ഞവരും നെസ്റ്റിന്റെ സേവനം ലഭിച്ചവരാണ്.
നെസ്റ്റ് പാലിയേറ്റിവ് പുതുവർഷത്തിൽ പുതിയ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ദീർഘകാലമായി കിടപ്പായ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും കുടുംബത്തിനും ആശ്വാസമെന്ന നിലക്ക് ഇൻപേഷ്യന്റ് യൂനിറ്റ് ആരംഭിക്കും.
രോഗിയുടെയും കുടുംബത്തിന്റെയും ആത്മാഭിമാനത്തിന് ക്ഷതം വരുത്താത്ത രീതിയിൽ എല്ലാ പരിചരണങ്ങളും വളരെ സൂക്ഷ്മതയോടെ നടത്തിവരുന്നു. ആഴ്ചയിൽ മൂന്നുദിവസം പാലിയേറ്റിവ് പരിചരണത്തിൽ നൈപുണ്യം നേടിയ പ്രഗല്ഭരായ ഡോക്ടർമാരുടെ ഒ.പി സേവനവും നാലു ദിവസം ഡോക്ടർമാരുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്നുള്ള പ്രവർത്തനവും നെസ്റ്റ് നടത്തുന്നു. 24 മണിക്കൂർ പാലിയേറ്റിവ് സർവിസ് നടത്തുന്നു. കൊയിലാണ്ടി നഗരസഭ കൂടാതെ സമീപത്തെ ഏഴു പഞ്ചായത്തുകളിലും സേവനം ലഭിക്കുന്നു. മെഡിസിൻ വിതരണം, മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഒ.പി, ഹോം കെയർ രോഗികൾക്ക് ഉപകരണങ്ങൾ എന്നിവ നെസ്റ്റ് നൽകുന്നു.
യുവതലമുറ സേവനത്തിന്റെ മഹത്വം പകർന്ന് കാമ്പസ് ഇനീഷ്യേറ്റിവ് എന്ന പേരിൽ രംഗത്തുണ്ട്. വനിത വിങ്ങും സജീവമാണ്. ഇംഗ്ലണ്ടിലെ ടിസൈഡ് യൂനിവേഴ്സിറ്റി, ആസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡ് യൂനിവേഴ്സിറ്റി എന്നിവ നെസ്റ്റിന്റെ പ്രവർത്തനം പഠനവിധേയമാക്കിയിട്ടുണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.