കക്കൂസ് മാലിന്യവുമായി വന്ന വാഹനത്തിന് 25,000 രൂപ പിഴയിട്ടു
text_fieldsകൊടിയത്തൂർ: കക്കൂസ് മാലിന്യവുമായി വന്ന വാഹനത്തിന് 25,000 രൂപ പിഴയിട്ട പഞ്ചായത്ത് അധികൃതർ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ചൊവ്വാഴ്ച പുലർച്ച ആറോടെയാണ് സംഭവം. കഴിഞ്ഞയാഴ്ച പന്നിക്കോട് തെനേങ്ങ പറമ്പിൽ ജനവാസ മേഖലയിൽ രാത്രിയുടെ മറവിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതേതുടർന്ന് നാട്ടുകാർ കുറച്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നു. വാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചുവെച്ചിരുന്നു. അതിനിടെയാണ് പുലർച്ച വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തെനേങ്ങപറമ്പിൽവെച്ച് കൈകാണിച്ചെങ്കിലും നിർത്താതെ പോയ വാഹനം പന്നിക്കോടുവെച്ച് പിടികൂടുകയായിരുന്നു.
തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരെയും മുക്കം പൊലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന്, പഞ്ചായത്തംഗങ്ങളായ യു.പി. മമ്മദ്, എം.ടി. റിയാസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ, മുക്കം സ്റ്റേഷനിലെ റഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് എന്നിവർ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴ ഈടാക്കി വാഹനം വിട്ടയച്ചത്. അതിനിടെ വാഹനം വിട്ടുനൽകിയ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നാട്ടുകാർ ഗ്രാമപഞ്ചായത്തോഫിസിലെത്തി സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ പ്രതിഷേധിച്ചു. ഇത് വാക് തർക്കത്തിനും നേരിയ സംഘർഷത്തിനും കാരണമായി. മുക്കം പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.