ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്ക്കൾ വില്ലന്മാരാകുന്നു
text_fieldsകൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയോട് അടുക്കാൻ ആഗ്രഹിക്കുമ്പോഴും നീര്‍നായ് ആക്രമണത്തില്‍ ബുദ്ധിമുട്ടുകയാണ് ജനം. നാലര വർഷത്തിലധികമായി പുഴയിൽ നീർനായ് ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ്. വർധിച്ചുവരുന്ന ആക്രമണത്തിന് ശാശ്വത പരിഹാരം കാണാതെ വനം വകുപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ പുഴയുടെ ഇരു കരകളിലുമുള്ള കൊടിയത്തൂര്‍, മുക്കം, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലായി ഇരു നൂറിലധികം പേര്‍ക്കാണ് നീര്‍നായ് ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാരശ്ശേരി സ്വദേശിക്ക് കടിയേറ്റതാണ് ഏറ്റവും അവസാനത്തെ സംഭവം. ഞായറാഴ്ച നാലോടെ പടിഞ്ഞാറേ കാരശ്ശേരി വടിശ്ശേരിക്കടവിൽനിന്നാണ് ഇദ്ദേഹത്തിന്റെ ഇടത് കാലിന് നീർനായ് കടിച്ചത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.കുളിക്കടവുകളിൽ നീർനായുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക വർധിക്കുന്നുണ്ട്.
നീർനായ് ശല്യത്തിനെതിരെ അധികൃതർ ഉചിത നടപടി കൈക്കൊള്ളണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്. രണ്ടു തവണകളിലായി പുഴയാരത്ത് കൂടുകള്‍ സ്ഥാപിക്കുകയല്ലാതെ നീര്‍നായ്ക്കളെ പിടികൂടാനുള്ള കാര്യമായ നടപടികളൊന്നും വനം വകുപ്പ് ചെയ്യാന്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വനമേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനയും കടുവയും പുലിയും ഇറങ്ങുന്നതുപോലെത്തന്നെ പുഴയോരവാസികളുടെ ദുരിതവും അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നീര്‍നായ് ഭീതിമൂലം പുഴയോട് ജനങ്ങള്‍ അകലുന്ന അവസ്ഥയാണുള്ളത്.
ജനങ്ങളുടെ ജീവന് ഭീഷണിയായ നീർനായ്ക്കളെ ഏതുവിധേനയും ഒഴിപ്പിക്കാൻ അധികൃതർ തയാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.