കൊടുവള്ളി ടൗൺ വികസനം: പുതിയ സർവേപ്രവൃത്തികൾ ആരംഭിച്ചു
text_fieldsകൊടുവള്ളി: കൊടുവള്ളി ടൗൺ 22 മീറ്റർ വീതികൂട്ടി വികസനം നടപ്പാക്കുന്നതിനായി സർക്കാറിൽനിന്ന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള സർവേപ്രവൃത്തികൾ പുരോഗമിക്കുന്നു. സിറാജ് ഫ്ലൈ ഓവർ തുരങ്കപാത പദ്ധതി സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ മുൻ എം.എൽ.എ കാരാട്ട് റസാഖ് നൽകിയ പരാതിക്ക് ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ മുമ്പാകെ 2023 ഫെബ്രുവരി രണ്ടിന് നൽകിയ മറുപടിയിലാണ് പദ്ധതിയുടെ കാര്യങ്ങൾ വിശദീകരിച്ചത്.
വ്യാപാരികളുടെ പരാതി പരിഗണിച്ചാണ് നിലവിലെ പദ്ധതി ഒഴിവാക്കി പകരം റോഡ് വീതികൂട്ടുന്നതിന് കിഫ്ബിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടർ സ്ഥലം സന്ദർശിക്കുകയും വ്യാപാരികളും ആർ.ബി.ഡി.സി.കെയും നാറ്റ്പാക്കുമായി 2021 ഡിസംബർ 22ന് യോഗവും ചേർന്നിരുന്നു.
പ്രായോഗികത ഉറപ്പുവരുത്താൻ നാറ്റ്പാക്കിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആർ.ബി.ഡി.സി.കെയോട് ഗതാഗത സർവേ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. ഡി.പി.ആറിലെ ഗതാഗത സർവേയുടെ പുതുക്കിയ റിപ്പോർട്ട് 2022 ഏപ്രിൽ 29ന് കിഫ്ബിയിൽ സമർപ്പിക്കുകയും ചെയ്തു. കിഫ്ബി 2022 മേയ് 26ന് എം.കെ. മുനീർ എം.എൽ.എ വ്യാപാരികളുടെ അപേക്ഷയിൽ ആവശ്യപ്പെട്ടതുപോലെ നിലവിലെ റോഡ് വീതികൂട്ടുന്ന നടപടികളുമായി മുന്നോട്ടുപോകാനാണ് നിർദേശിച്ചിട്ടുള്ളത്. സ്ഥലമെടുപ്പ് നടപടികൾ പിൻവലിക്കാൻ കിഫ്ബിയോട് അനുമതി ആവശ്യപ്പെട്ട് ആർ.ബി.ഡി.സി.കെ 2022 ജൂൺ 10ന് കത്ത് നൽകിയതായും പി.ഡബ്ല്യൂ.ഡി ഫ്ലൈഓവർ കം അണ്ടർ പാസിനായുള്ള സ്ഥലമെടുപ്പ് നടപടിക്രമങ്ങൾ റദ്ദാക്കാനും കൊടുവള്ളി ജങ്ഷൻ മെച്ചപ്പെടുത്തി മുന്നോട്ടുപോകണമെന്നും കത്തിൽ വ്യക്തമാക്കുന്നു. സർക്കാറിൽനിന്ന് പുതുക്കിയ ഭരണാനുമതി നേടുന്നതിനും എൻ.എച്ച്.എ.ഐയിൽനിന്ന് എൻ.ഒ.സി ലഭ്യമാക്കുന്നതിനും നിർദേശിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് മുതൽ പട്രോൾ പമ്പ് വരെയുള്ള ഭാഗം പരമാവധി വീതികൂട്ടി റോഡ് നവീകരിക്കുന്നതോടൊപ്പം സിറാജ് ബൈപാസ് റോഡും നവീകരിക്കും. 20 മീറ്ററിൽ നവീകരിക്കുന്നതിനോട് സഹകരിക്കാമെന്ന നിലപാടാണ് വ്യാപാരികളുടേത്. ടൗണിൽ പല ഭാഗത്തും 12 മീറ്റർ മുതൽ 21 മീറ്റർ വരെയാണ് റോഡിന്റെ വീതി. 22 മീറ്ററിൽ റോഡ് നവീകരിക്കുമ്പോൾ ടൗണിലെ ഒട്ടേറെ കടകളെ ബാധിക്കും. നേരത്തെയുള്ള പദ്ധതിയിൽ കുറഞ്ഞ കെട്ടിടങ്ങളായിരുന്നു ഉൾപ്പെട്ടിരുന്നത്. പുതിയ പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഏത് വിധത്തിൽ ബാധിക്കുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.