അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയ വാവാട് വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം
text_fieldsകൊടുവള്ളി: ജീർണിച്ച കെട്ടിടത്തിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയ വാവാട് വില്ലേജ് ഓഫിസിന് പുതിയ കെട്ടിടമായി. കെട്ടിടോദ്ഘാടനം ജൂൺ 12ന് രാവിലെ 11ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ഒന്നാം പിണറായി സർക്കാറിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് സൗകര്യപ്രദമായ ഇരുനില കെട്ടിടം പണിതത്. കെട്ടിട നിർമാണ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിച്ചത്.
പഴയ ഓഫിസിൽ ജിവനക്കാർക്ക് ജോലി ചെയ്യാനോ ഫയലുകൾ സൂക്ഷിക്കാനോ സൗകര്യമില്ലായിരുന്നു. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ നിൽക്കാൻ പോലും കഴിയാതെ പ്രയാസപ്പെട്ടു. പ്രദേശവാസിയായ പരേതനായ കെ.ടി. ഇമ്പിച്ചി മോയി വിട്ടുനൽകിയ ഭൂമിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്താണ് 32 വർഷം മുമ്പ് വില്ലേജ് ഓഫിസിന് കെട്ടിടം പണിതത്.
1986 ജൂൺ 15ന് അന്നത്തെ റവന്യൂ മന്ത്രി പി.ജെ. ജോസഫാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. ഓഫിസിന്റെ ജനൽ തകർത്ത് മോഷണ ശ്രമവും നടന്നിരുന്നു.
വില്ലേജ് ഓഫിസിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് വി. ജോസ് ജില്ല കലക്ടറായിരിക്കെ ഓഫിസ് സന്ദർശിച്ച് ശോച്യാവസ്ഥ മനസ്സിലാക്കി. വിഷയം മുൻ എം.എൽ.എയുടെയും ശ്രദ്ധയിൽ വന്നതോടെയാണ് കെട്ടിടം പണിയാൻ സർക്കാർ ഫണ്ട് അനുവദിച്ചത്. നിർമിതി കേന്ദ്രയാണ് പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിച്ചിരിക്കുന്നത്. കൊടുവള്ളി നഗരസഭയിലെ 13ഓളം ഡിവിഷൻ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് വാവാട് വില്ലേജ് ഓഫിസ് പരിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.