ക്വാറി ലോബിക്ക് നിരന്തര 'ശല്യ'മായി; കൂടരഞ്ഞി വില്ലേജ് ഓഫിസറെ മാറ്റി
text_fieldsതിരുവമ്പാടി: നിയമാനുസൃതം കൃത്യനിർവഹണം നടത്തിയ കൂടരഞ്ഞി വില്ലേജ് ഓഫിസർക്ക് സ്ഥലം മാറ്റം. ചെങ്കുത്തായ മലനിരകളാൽ സമ്പന്നമായ കൂടരഞ്ഞി വില്ലേജിലെ പ്രകൃതി ദുരന്ത സാധ്യതകൾ തിരിച്ചറിഞ്ഞ് കരിങ്കൽ ഖനനം നിയന്ത്രിക്കാൻ ശ്രമിച്ചതാണ് കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രെൻറ സ്ഥല മാറ്റത്തിന് കാരണമെന്നാണ് സൂചന. 2018 ജൂൺ 14ന് പ്രളയത്തിനിടെ കൂടരഞ്ഞി കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിൽ വൻ മണ്ണിടിച്ചിലുണ്ടായത് വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു പുറംലോകമറിഞ്ഞത്.
ജൂൺ 16ന് കക്കാടംപൊയിൽ പാർക്ക് സന്ദർശിച്ച വില്ലേജ് ഓഫിസർ അപകട സാധ്യത കണ്ട് കലക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പാർക്കിെൻറ പ്രവർത്തനം നിർത്തിയത്. കൂടരഞ്ഞി കൂമ്പാറയിലും പരിസരങ്ങളിലുമുണ്ടായ 2018ലെ 12ഓളം ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കൽേപ്പനിയിൽ കുടുംബത്തിലെ പിതാവും മകനും ദുരന്തത്തിൽ മരിച്ചിരുന്നു. കൂമ്പാറ മേഖലയിലെ കരിങ്കൽ ഖനനത്തിെൻറ ദുരന്ത സാധ്യത സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തിയ കൂമ്പാറ പുന്നക്കടവിലെ ക്വാറിയുടെ പ്രവർത്തനം ഹൈകോടതി തടയുന്നതിലേക്ക് നയിച്ചതും ഈ റവന്യൂ ഉദ്യോഗസ്ഥെൻറ നിയമാനുസൃത ഇടപെടൽ നിമിത്തമായിരുന്നു.
ബദാം ചുവട്, കക്കാടംപൊയിൽ തേനരുവി, തേക്കിൻ ചുവട് തുടങ്ങിയ ക്വാറികൾക്കെതിരെ നാട്ടുകാരുടെ പരാതികൾ ശരിവെക്കുന്നതായിരുന്നു വില്ലേജ് ഓഫിസറുടെ നിലപാടും. 70 ഡിഗ്രി ചെങ്കുത്തായ മലഞ്ചെരിവിലുള്ള കൂമ്പാറ ആനക്കല്ലുപാറയിലെ ക്വാറിക്കെതിരെയായിരുന്നു ഏറ്റവും ഒടുവിൽ വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത്. ജില്ല ജിയേളാജിസ്റ്റ് ആനക്കല്ലുപാറയിലെ കരിങ്കൽ ഖനനം തടഞ്ഞെങ്കിലും പിന്നീട് പുനരാരംഭിച്ചു.
കൂടരഞ്ഞിയിൽ പുതുതായി 12 ഓളം കരിങ്കൽ ക്വാറികൾ തുടങ്ങാൻ ശ്രമം തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ലഭിക്കാത്തതാണ് പലപ്പോഴും കൂടരഞ്ഞിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനത്തിന് പ്രതിബന്ധമായിരുന്നത്. ഖനന ചട്ടങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും മാത്രം മുന്നിൽ കണ്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ ഭരണ - പ്രതിപക്ഷ കക്ഷികളുടെ കണ്ണിലെ കരടായിരുന്നു. ക്വാറി ലോബിയുടെ ഭീഷണിക്കും വില്ലേജ് ഓഫിസർ വിധേയനായി. ഓഫിസറെ മാറ്റാൻ പലപ്പോഴായി ശ്രമം നടന്നെങ്കിലും റവന്യൂ വകുപ്പിലെ ഒരു വിഭാഗം ഉന്നതോദ്യോഗസ്ഥർ തടയുകയായിരുന്നു.
ഖനന ലോബിയുടെ താൽപര്യം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥനെ വെച്ച് കൂടരഞ്ഞിയിൽ പുതിയ ക്വാറികൾ തുടങ്ങാനുള്ള നീക്കം ആരംഭിച്ചാൽ പ്രതിഷേധവും നിയമനടപടികളും ആരംഭിക്കുമെന്ന് ജില്ല പരിസ്ഥിതി പ്രവർത്തക കൂട്ടായ്മ ജനറൽ കൺവീനർ എ.എസ്. ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.