കൊടുവള്ളി നഗരസഭയിലെ ആയുർവേദ ഡിസ്പെൻസറി ശോച്യാവസ്ഥയിൽ
text_fieldsകൊടുവള്ളി: നഗരസഭയിലെ കരീറ്റിപ്പറമ്പിലുള്ള ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ അടർന്നുവീണുതുടങ്ങി. നഗരസഭയിലെ ഏക ആയുർവേദ ഡിസ്‌പെൻസറിയാണ്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിട്ടും കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്താതെ ശോച്യാവസ്ഥയിലാണ് കെട്ടിടം നിലകൊള്ളുന്നത്.
കെട്ടിടം പെയിന്റ് ചെയ്തിട്ടുതന്നെ കാലമേറെയായി. ആയുർവേദ ഡിസ്‌പെൻസറി എന്നെഴുതിയ നല്ലൊരു ബോർഡുപോലും കെട്ടിടത്തിലില്ല. മറ്റ് സ്ഥലങ്ങളിൽ നിന്നുവരുന്ന രോഗികൾക്ക് ഡിസ്‌പെൻസറി തിരിച്ചറിയണമെങ്കിൽ നാട്ടുകാരോട് അന്വേഷിക്കേണ്ട സ്ഥിതിയാണ്. മഴക്കാലത്ത് മുറ്റം മുഴുവൻ വെള്ളം കെട്ടിക്കിടക്കും.
കരീറ്റിപ്പറമ്പ് -മുക്കിലങ്ങാടി റോഡിൽ കരീറ്റിപ്പറമ്പ് അങ്ങാടിക്കടുത്തായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ചെറിയ ചുറ്റുമതിൽ ചാടിക്കടക്കാൻ എളുപ്പമാണെന്നിരിക്കെ ഈ കെട്ടിട പരിസരം രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്.ദിവസവും നൂറോളം രോഗികളാണ് പല സ്ഥലങ്ങളിൽനിന്നായി ഡിസ്പെൻസറിയിൽ എത്തുന്നത്.
ഇവരിൽ അധികവും പ്രായമുള്ളവരാണ്. മെഡിക്കൽ ഓഫിസറും ഒരു അറ്റൻഡറുമാണ് ജീവനക്കാരായുള്ളത്. ഫാർമസിസ്റ്റിനെ നിയമിക്കാത്തതിനാൽ മെഡിക്കൽ ഓഫിസറും അറ്റൻഡറും തന്നെയാണ് രോഗികൾക്ക് മരുന്ന് എടുത്തുകൊടുക്കുന്നത്. നഗരസഭയിലെ ഏക ആയുർവേദ ഡിസ്പെൻസറിയായിട്ടും ഫാർമസിസ്റ്റിനെ നിയമിക്കാൻ ബന്ധപ്പെട്ടവർ ഇതുവരെ തയാറായിട്ടില്ല. മരുന്നുകൾ സൗകര്യത്തിന് എടുത്തുവെക്കുന്നതിനുള്ള തട്ടുകൾപോലും സജ്ജീകരിച്ചിട്ടില്ല.
കോവിഡ് വ്യാപന സമയത്ത് ആയുർവേദ മരുന്നുകൾക്കായി ഡിസ്പെൻസറിയിൽ വലിയ തിരക്കായിരുന്നു. നഗരസഭയിൽ വാരിക്കുഴിതാഴം ഡിവിഷനിലെ എസ്.സി, എസ്.ടി വിഭാഗക്കാർ തിങ്ങിത്താമസിക്കുന്ന കോളനിയിലെ ആളുകൾ ആശ്രയിക്കുന്നത് ഈ ഡിസ്പെൻസറിയെയാണ്. വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെത്തുന്ന ഡിസ്പെൻസറി കെട്ടിടത്തിനകത്ത് കുടിവെള്ള സംവിധാനവും ഇല്ല.
നഗരസഭയുടെ 11,12 ഡിവിഷനിലെ വാർഡ് സഭകൾ ചേരുന്നത് ഈ സർക്കാർ കെട്ടിടത്തിന് മുകളിലെ സാംസ്‌കാരിക നിലയത്തിലാണ്. ഇതിന്റെ അവസ്ഥയും ഏറെ പരിതാപകരമാണ്. വൈദ്യുതിയില്ല. മുകളിൽ ഷീറ്റിട്ടതിനാൽ നല്ല ചൂടും. ചുമരുകളില്ലാത്തതിനാൽ പുറത്തുനിന്നുള്ള പൊടിശല്യവും. ഇരിക്കാനുള്ള കസേരകളിൽ നിറയെ പൊടിപിടിച്ചിരിക്കുന്നതിനാൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ. ഈ കെട്ടിടത്തിൽ തന്നെയാണ് തെരഞ്ഞെടുപ്പുകാലത്ത് 12ാം ഡിവിഷന്റെ പോളിങ് ബൂത്ത് സജ്ജീകരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.