ബിരിയാണി ചലഞ്ച് വൻ ഹിറ്റ്; 16 ലക്ഷം രൂപ നൽകി നാട്ടുകാർ
text_fieldsഎളേറ്റിൽ (കോഴിക്കോട്): ഇരുവൃക്കയും തകരാറിലായി പ്രയാസമനുഭവിക്കുന്ന യുവാവിനെ സഹായിക്കാൻ നാട് ഒന്നടങ്കം കൈകോർത്ത് ബിരിയാണി ചലഞ്ച്.
കിഴക്കോത്ത് പഞ്ചായത്തിലെ കത്തറമ്മൽ തണ്ണിക്കുണ്ടുങ്ങൽ ടി.കെ. അബ്ദുറഹിമാനെ (ബിച്ചി) സഹായിക്കാനാണ് മത, രാഷ്ട്രീയ, സംഘടനാ വേർതിരിവുകളൊന്നുമില്ലാതെ നാട്ടുകാർ 'ബിച്ചി ബിരിയാണി ചലഞ്ച്' ഏറ്റെടുത്തത്. എല്ലാ മത, രാഷ്ട്രീയ, സന്നദ്ധ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. അയൽനാടുകളിലെയെല്ലാം സംഘടനകൾ സഹായവും സഹകരണവുമായെത്തി.
ഒരു ബിരിയാണിക്ക് 100 രൂപ എന്നനിലയിലായിരുന്നു വിൽപന. ബിരിയാണിക്ക് ആവശ്യമായ അരിയും ഇറച്ചിയും ഉൾപ്പെടെയുള്ളവ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു ആദ്യഘട്ടം. പിന്നീട് നാട്ടിൽനിന്നും അയൽനാടുകളിൽനിന്നും ഓർഡർ കണ്ടെത്തൽ. ഇതിനായി അയൽ ഗ്രാമങ്ങളിലെയെല്ലാം സംഘടനകൾ ഒന്നിച്ചു രംഗത്തിറങ്ങി.
ഞായറാഴ്ചത്തെ ബിരിയാണി ചലഞ്ചിനായി പാചകത്തിനുള്ള ഒരുക്കം ശനിയാഴ്ച പകൽതന്നെ തുടങ്ങി. വിറകും പാത്രങ്ങളും ഒരുക്കുന്നതും അരി കഴുകുന്നതും മുതൽ പാചകം വരെ ഓരോന്നിനും സന്നദ്ധരായി വളൻറിയർമാർ രംഗത്തെത്തി.
ഏതെങ്കിലും പ്രത്യേക സേവനം ആവശ്യമായി വരുമ്പോൾ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ഒരു സന്ദേശം അയക്കുമ്പോഴേക്കും ഒട്ടേറെ പേർ ഓടിയെത്തി. പതിനയ്യായിരത്തോളം ബിരിയാണി പാക്കറ്റുകൾക്കുള്ള ഓർഡറാണു ലഭിച്ചത്. ഇത് ഓരോ സ്ഥലത്തും എത്തിക്കാൻ വാഹനം വിട്ടുനൽകാനും ഓടിക്കാനും വിതരണം നടത്താനുമായി ആളുകൾ സന്നദ്ധരായെത്തി. 16 ലക്ഷത്തോളം രൂപയാണ് സംഘാടകർ സമാഹരിച്ചത്.
പണം അബ്ദുറഹിമാെൻറ ചികിത്സക്കും വീട് നിർമാണത്തിനുമായി ചെലവഴിക്കും. ഇ.കെ. മുഹമ്മദലി ചെയർമാനും എം.ടി. സലീം കൺവീനറുമായ സംഘാടകസമിതി രണ്ടു മാസത്തെ ചിട്ടയായ ഒരുക്കത്തിലൂടെയാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.