കൊടുവള്ളി നഗരസഭയിൽ കെട്ടിട നികുതി വർധന ഭാരമാകുന്നെന്ന് പരാതി
text_fieldsകൊടുവള്ളി: നഗരസഭയിൽ കെട്ടിട നികുതി വർധന ഉടമകൾക്ക് ഭാരമാകുന്നെന്ന് പരാതി. 2013 മുതൽ അതത് കാലത്ത് പിരിച്ചെടുക്കേണ്ടതായ നികുതിക്കുടിശ്ശിക ഇപ്പോൾ ഒന്നിച്ച് പിരിച്ചെടുക്കാനുള്ള നഗരസഭയുടെ തീരുമാനമാണ് പ്രയാസമുണ്ടാക്കുന്നത്. ഓരോ വർഷവും കൃത്യമായി നികുതി അടച്ചുവരുന്നവർക്ക് പോലും അടച്ച തുകയേക്കാൾ പത്തിരട്ടിയിലധികം തുക അടക്കേണ്ടി വന്നതായാണ് കെട്ടിടയുടമകൾ പറയുന്നത്.
ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നതിനാൽ സാധാരണക്കാരായ കെട്ടിടയുടമകൾ ഉൾപ്പെടെയുള്ളവർ പ്രയാസപ്പെടുകയാണ്. 2022ൽ 1680 രൂപ അടച്ച ഒരു കെട്ടിടമുടമക്ക് 14,680 രൂപയാണ് ഇത്തവണ അടക്കേണ്ടിവന്നത്. ഗ്രാമപഞ്ചായത്ത് ആയിരുന്ന 2013 മുതൽക്കുള്ള നികുതി വർധന കൊടുവള്ളിയിൽ ഇതുവരെയും നടപ്പാക്കിയിരുന്നില്ലെന്നാണ് നഗരസഭ അധികൃതർ നികുതി വർധന വിഷയത്തിൽ നൽകുന്ന വിശദീകരണം.
കെട്ടിടങ്ങൾക്കെല്ലാം സുമാർ നികുതിയാണ് ഈടാക്കിയതെന്നും ഇത് സ്ക്വയർ ഫീറ്റ് കണക്കാക്കി പുതിയ നികുതിയിലേക്ക് മാറുമെന്നും അധികൃതർ പറയുന്നു. ഇക്കാലയളവിലെ കുടിശ്ശികയും വർധനയുമാണ് ഇത്തവണ അധികനികുതി വർധനക്ക് കാരണമെന്നാണ് പറയുന്നത്.
കെട്ടിടങ്ങൾക്കെല്ലാം പുതിയ നമ്പർ നൽകി കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കി അടുത്ത വർഷം മുതൽ ആളുകൾക്ക് നികുതികൾ ഓൺലൈൻ വഴി അടക്കാനാവുമെന്നും അധികൃതർ പറയുന്നു.
വീടുകൾക്ക് നികുതി വർധനയുണ്ടായിട്ടില്ലെന്നും അടുത്തവർഷം കെട്ടിടങ്ങൾക്ക് കുറഞ്ഞ തുകയാണ് അടക്കേണ്ടിവരുകയെന്നും നഗരസഭ ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു. അതേസമയം, കെട്ടിടമുടമകൾ കെട്ടിട നികുതി യഥാസമയം അടക്കാത്തതിന്റെ പേരിൽ വ്യാപാരികൾക്ക് വ്യാപാര ലൈസൻസ് പുതുക്കിനൽകാനും നഗരസഭ ഉദ്യോഗസ്ഥർ വൈമനസ്യം കാണിക്കുന്നതായി വ്യാപാരികളും പരാതിപ്പെടുന്നുണ്ട്.
ഭാരിച്ച കെട്ടിട നികുതി കുടിൽ വ്യാപാരികൾ അടക്കേണ്ടിവരുകയാണ് ചെയ്യുന്നത്. നികുതി കുടിശ്ശികയൊന്നിച്ച് പിരിച്ചെടുക്കാനുള്ള നഗരസഭയുടെ തീരുമാനത്തിൽ നിന്നും മുനിസിപ്പാലിറ്റി അധികൃതർ പിന്മാറണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ഭാരവാഹികൾ മുനിസിപ്പാലിറ്റി ചെയർമാനും സെക്രട്ടറിക്കും കഴിഞ്ഞ ദിവസം നിവേദനം നൽകി.
മൂന്നുവർഷത്തിൽ കൂടുതൽ അധികമുള്ള നികുതി കുടിശ്ശിക കെട്ടിടമുടമകളിൽ നിന്നും വസൂൽ ചെയ്യാൻ പാടില്ലെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കേ അതിന് വിരുദ്ധമായി 2013 മുതലുള്ള കെട്ടിട നികുതി കുടിശ്ശികയൊന്നിച്ച് ഈടാക്കൽ നിയമവിരുദ്ധവും അന്യായവും ജനദ്രോഹവുമാണെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.