കണ്ടാല മല ഉരുൾപൊട്ടൽ ഭീഷണിയിൽ
text_fieldsകൊടുവള്ളി: നഗരസഭയിലെ പട്ടിണിക്കര ഡിവിഷനിൽപ്പെട്ട കണ്ടാലമലയുടെ മുകളിൽ താമസിക്കുന്ന ഏഴുകുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. കുത്തനെയുള്ള മലക്ക് മുകളിൽനിന്ന് കൂറ്റൻ പാറക്കല്ലുകൾ ഇളകിവീണ് കണ്ടാലമ്മൽ മുഹമ്മദ്, റാബിയ ദമ്പതികളുടെ വീടിന്റെ ചുവരുകളാണ് തകർന്നത്. ഏതുനിമിഷവും ഇടിഞ്ഞുവീണേക്കാവുന്ന വീട്ടിൽനിന്ന് നാലംഗ കുടുംബത്തെ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. വീടിന്റെ അതിരിൽ മുകൾ ഭാഗത്തുള്ള നഗരസഭയുടെ സ്ഥലത്തുനിന്നാണ് പാറകൾ ഇളകി ചുവരിലേക്കുപതിച്ചത്. ഇവിടെ സ്വകര്യ കോളജ് നിർമിക്കാനായി കുന്നുകൾ ഇടിച്ചുനിരപ്പാക്കിയിട്ടുമുണ്ട്. ഇവിടെ നിർമിച്ച വലിയ ഭിത്തി നേരത്തെ ഇടിഞ്ഞിരുന്നു. ഇതും പ്രദേശവാസികൾക്ക് ഭയാശങ്കക്കിടയാക്കിയിട്ടുണ്ട്.
കൊടുവള്ളി നഗരസഭ ഗ്രാമപഞ്ചായത്തായിരിക്കെ കണ്ടാലമലയിൽ ഏറ്റെടുത്ത ഭൂമിയിൽനിന്ന് പതിച്ചുനൽകിയ നാല് സെന്റ് വീതമുള്ള സ്ഥലത്താണ് ഏഴുകുടുംബങ്ങൾ വീടുവെച്ച് താമസിച്ചുവരുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച നാലു ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടാണ് ഇപ്പോൾ പാറവീണ് തകർന്നിരിക്കുന്നത്. കയറിച്ചെല്ലാൻ വഴി സൗകര്യം പോലുമില്ലാത്ത കുത്തനെയുള്ള കയറ്റത്തിൽ താമസിച്ചുവരുന്ന വീടുകളിൽ എത്തിപ്പെടണമെങ്കിൽ അതിസാഹസികരായിരിക്കണം എന്നതാണ് അവസ്ഥ. വഴി സൗകര്യമൊരുക്കാൻ ഫണ്ട് അനുവദിക്കണമെന്ന ഇവരുടെ വർഷങ്ങളായുള്ള മുറവിളി കേൾക്കാൻ അധികാരികൾ ഇതുവരെയും സന്നദ്ധമായിട്ടില്ല.
റോഡിൽനിന്ന് നൂറുമീറ്ററിലേറെ ദൂരം അങ്ങിങ്ങായി അടർന്നും ഇളകിയും കിടക്കുന്ന കല്ലുകൾ ചവിട്ടിയാണ് ഇവിടേക്ക് കുടുംബങ്ങൾ എത്തുന്നത്. കുടിവെള്ളം പോലും കിട്ടാക്കനിയായ ഈ കുടുംബങ്ങളുടെ ദൈന്യതയെക്കുറിച്ച് നേരത്തെ മാധ്യമം വാർത്തനൽകിയിരുന്നു.
ഭീഷണിയായി നിലനിൽക്കുന്ന കൂറ്റൻ പാറക്കല്ലുകൾ നീക്കം ചെയ്യണം
കൊടുവള്ളി: കണ്ടാല മലയിൽ പാറക്കല്ലുകൾ ഇളകി വീണ് തകർന്ന വീട് പുനർ നിർമിച്ച് നൽകാനും നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഏഴുകുടുംബങ്ങൾക്ക് ഭീഷണിയായി നിലനിൽക്കുന്ന കൂറ്റൻ പാറക്കല്ലുകൾ നീക്കം ചെയ്യാനും നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാഷനൽ ലീഗ് പട്ടിണിക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുജീബ് പട്ടിണിക്കര, വി.പി. റസാക്ക്, എ.പി. ഗഫൂർ, കെ.വി. ബഷീർ, കെ.പി. ശരീഫ്, എ.പി. മുബശ്ശിർ, കെ.പി. റഷീദ്, ഇ.കെ. ബഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.