നീരൊഴുക്ക് കുറഞ്ഞ പുഴകളിൽ ശുചീകരണത്തിന് നടപടിയില്ല
text_fieldsകൊടുവള്ളി: കടുത്ത വേനലിൽ നീരൊഴുക്ക് കുറഞ്ഞ പുഴകളിൽ ശുചീകരണത്തിന് നടപടിയില്ലാത്തതിനാല്‍ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതാവുന്നു. പുഴകളില്‍ നിര്‍മിച്ച തടയണകളിൽ മിക്കവയും വർഷങ്ങളായി ചളിയും മാലിന്യങ്ങളും നീക്കം ചെയ്യാത്ത നിലയിലാണ്. ആഴംകൂടിയ ഭാഗങ്ങളിൽ ചളി നിറഞ്ഞും പുഴയോര ഭാഗങ്ങളിൽ ചെടികൾ വളർന്നും പുഴ നാശത്തിന്റെ വക്കിലാണ്.
ജനങ്ങൾക്ക് ഭീഷണിയായി നീർനായ്ക്കളും വർധിച്ചിട്ടുണ്ട്. സ്ഥിരം ബണ്ടുകള്‍ക്ക് പുറമെ ജനകീയമായി നിര്‍മിച്ച തടയണകള്കൂടിയാവുന്നതോടെ ജില്ലയിലെ പുഴകള്‍ ഒഴുക്കുനിലച്ച നിലയിലാണ്. കുറ്റ്യാടിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, ഇരുതുള്ളിപ്പുഴ, കടലുണ്ടിപ്പുഴ, പൂനൂര്‍പുഴ എന്നിവയിലെ വെള്ളം ജല അതോറിറ്റിയും ജലനിധിയും മറ്റും കുടിവെള്ള വിതരണത്തിനുകൂടി ഉപയോഗിക്കുന്നുണ്ട്. പൂനൂര് പുഴയിൽ മാത്രം 15ലധികം സ്ഥിരം തടയണകളുണ്ട്. പമ്പ്ഹൗസുകളിലെ കിണറുകളിലേക്ക് വെള്ളം കുറഞ്ഞതോടെയാണ് ചെക്ക്ഡാമുകള്‍ നിര്‍മിച്ച് വെള്ളം സംഭരിച്ചത്. ഇത് മാതൃകയാക്കി അടുത്ത കാലത്തായി പുഴകളില്‍ ജനകീയ തടയണകളും വ്യാപകമായിരിക്കുകയാണ്. പൂനൂര് പുഴയില്‍ കൊടുവള്ളിയില്‍ നിര്‍മിച്ച തടയണയില്‍ ചളിയും മാലിന്യവും നിറഞ്ഞ് വറ്റിവരണ്ട നിലയിലാണ്.
വെണ്ണക്കാട് ഭാഗത്തും വാവാട് പൂക്കാട്ട് കടവിലും സമാനമാണ് അവസ്ഥ. അശാസ്ത്രീയ നിര്‍മാണം കാരണം പലയിടത്തും സ്ഥിരം തടയണയില്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. പാലങ്ങള്‍ക്ക് സമീപമാണ് മിക്കയിടത്തും പമ്പ് ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ മാലിന്യനിക്ഷേപം നടക്കുന്നതും പാലങ്ങള്‍ വഴിയാണ്. ആവശ്യമായ പഠനം നടത്താതെയാണ് മിക്കയിടത്തും താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചതെന്ന് സി.ഡബ്ല്യു.ആര്.ഡി.എം അടക്കമുള്ള കേന്ദ്രങ്ങളും പുഴസംരക്ഷണ പ്രവർത്തകരും പറയുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ കര്‍ശന നടപടിയില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുഴസംരക്ഷണ സമിതികൾ മാത്രമാണ് എതിര്‍ശബ്ദം ഉയര്‍ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.