ഓൺലൈൻ തട്ടിപ്പ് വർധിക്കുന്നതിൽ ആശങ്ക; കൊടുവള്ളി മേഖലയിൽ കേസുകൾ കൂടുന്നു
text_fieldsകൊടുവള്ളി: വിവിധ ഓൺലൈൻ ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്നവരുടെയും തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽപെടുന്നവരുടെയും എണ്ണം കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും വർധിക്കുന്നു. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും, വ്യാജ പരസ്യങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തട്ടിപ്പുകാരുടെ വലയിൽപെടുന്നവരുടെ എണ്ണം കൂടുകയാണ്. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷിക്കുന്നുണ്ടെങ്കിലും കൂടുതൽ കേസുകളുടെയും ഉറവിടം ഇതര സംസ്ഥാനങ്ങളാണ്.
ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭ എൽ.ഡി.എഫ് കൗൺസിലർ അഹമ്മദ് ഉനൈസിനെ (28) പൊലീസ് പിടികൂടിയ സംഭവമാണ് അവസാനമായി പുറത്തുവന്നിട്ടുള്ളത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കു മുമ്പ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസിൽനിന്ന് ലഭിച്ച വിവരത്തിൽനിന്നാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കൊടുവള്ളി ഇൻസ്പെക്ടർ സി. ഷാജു പറഞ്ഞു. പന്നിക്കോട്ടൂർ സ്വദേശിയായ അധ്യാപകന് 22 ലക്ഷം രൂപയും എൻജിനീയറായ മറ്റൊരാൾക്ക് 30 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അന്തർസംസ്ഥാന ലോബിയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഓമശ്ശേരി പുത്തൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ ടെലിഗ്രാം ആപ്പിലൂടെ ലിങ്ക് അയച്ചുനൽകി 13 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ പുതുപ്പാടി അമ്പലക്കണ്ടി വീട്ടിൽ ഉവൈസ് സുൽത്താനെ (22) കൊടുവള്ളി പൊലീസ് പിടികൂടിയിരുന്നു. സമാനമായ തട്ടിപ്പ് കേസിൽ തേനി പൊലീസ് കഴിഞ്ഞ ദിവസം വാവാട് സ്വദേശിയെ പിടികൂടിയിരുന്നു.
കമീഷൻ വാഗ്ദാനം നൽകി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പ് സംഘങ്ങൾ കൈവശപ്പെടുത്തി പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട സംഭവവും നടന്നിരുന്നു. പണം നഷ്ടപ്പെട്ട കാര്യം പുറത്തുപറയാൻ മടിക്കുന്നവരും പരാതിപ്പെടാൻ തയാറാവാത്തവരും നിരവധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.