സി.പി.എം നേതാവിനെ വധിക്കാൻ ഗൂഢാലോചന; മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്
text_fieldsകൊടുവള്ളി: സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ല വൈസ് പ്രസിഡൻറുമായ കെ. ബാബുവിനെ വധിക്കാൻ മുസ്ലിംലീഗ് നേതാക്കൾ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയെന്ന മുൻ യൂത്ത് ലീഗ് നേതാവിെൻറ വെളിപ്പെടുത്തലിൽ കൊടുവള്ളി പൊലീസ് കേസെടുത്തു.
മുസ്ലിം ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻറ് വി.കെ. അബുഹാജി, ജനറൽസെക്രട്ടറി കെ.കെ. ഖാദർ, യൂത്ത് ലീഗ് സെക്രട്ടറി എം. നസീഫ്, ക്വട്ടേഷൻ എടുത്തതായി പറയുന്ന കൊയിലാണ്ടി സ്വദേശി നബീൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 506, 120- ബി, കുറ്റകരമായ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.
2013 ൽ കരീറ്റിപറമ്പ് സ്വദേശിയായ യൂത്ത് ലീഗ് പ്രവർത്തകൻ അബൂബക്കർ സിദ്ധീഖിെൻറ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കെ. ബാബുവിനെ വധിക്കാൻ ലീഗ് നേതാക്കൾ ക്വട്ടേഷൻ നൽകാൻ കാരണമായെതന്ന് ലീഗുമായി തെറ്റിപ്പിരിഞ്ഞ നഗരസഭാ മുൻ കൗൺസിലറും യൂത്ത് ലീഗ് നേതാവുമായിരുന്ന കോഴിശ്ശേരി മജീദ് വെളിപ്പെടുത്തിയിരുന്നു. ലീഗ് നഗരസഭ ജനറൽ സെക്രട്ടറി കെ.കെ.എ. ഖാദർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. നസീഫ്, യു. അബ്ദുഹാജി എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കെ. ബാബു, ഡി.വൈ.എഫ്.ഐ നേതാവ് പി. പ്രദീപ് എന്നിവരെ വധിക്കാൻ ക്വട്ടേഷൻ നൽകുകയും കൊയിലാണ്ടി സ്വദേശിക്ക് 50,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തത്രെ.
കൃത്യം നടത്താമെന്നും എന്നാൽ കുറ്റം ഏറ്റെടുക്കാൻ അഞ്ചു പേരെ തയാറാക്കണമെന്നും പാർട്ടിയോട് ആവശ്യപ്പെട്ടെങ്കിലും അഞ്ചു പ്രതികളെ ലഭിക്കാതിരുന്നതോടെ സംഘം പിന്മാറുകയായിരുന്നുവെന്ന് മജീദ് വെളിപ്പെടുത്തിയിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാബു കൊടുവള്ളി സി.ഐക്ക് പരാതി നൽകി. ജൂൺ 30 ന് ലീഗ് നേതാക്കളുടെ മൊഴിയെടുത്തിരുന്നു. കേസിൽ ബുധനാഴ്ച അന്വേഷണം ആരംഭിച്ചതായി എസ്.ഐ. വി.കെ. റസാഖ് പറഞ്ഞു.
സി.പി.എം കനത്ത വിലനൽകേണ്ടിവരും –മുസ്ലിംലീഗ്
കൊടുവള്ളി: മുസ്ലിംലീഗിൽനിന്നും അച്ചടക്ക നടപടിക്ക് വിധേയനായ ആളെ കൂട്ടുപിടിച്ച് ലീഗ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിന് സി.പി.എം കനത്ത വിലനൽകേണ്ടിവരുമെന്ന് മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് വി.എം. ഉമ്മറും ജന.സെക്രട്ടറി ടി.കെ. മുഹമ്മദും അറിയിച്ചു. വി.കെ. അബ്ദുഹാജി, കെ.കെ.എ. ഖാദർ, എം. നസീഫ് തുടങ്ങിയ മുസ്ലിംലീഗ് നേതാക്കളുടെ പേരിൽ കള്ളക്കേസെടുത്ത് ലീഗിനെ തകർക്കാമെന്ന് സി.പി.എം വിചാരിക്കേണ്ട. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഭരണസ്വാധീനമുപയോഗിച്ച് എന്തും ചെയ്യാമെന്ന് മാർക്സിസ്റ്റ് പാർട്ടി കരുതേണ്ട. ഇത് നേരിടാനുള്ള ശക്തി മുസ്ലിംലീഗിനുണ്ട് -നേതാക്കൾ ഓർമിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൊടുവള്ളിയിൽ എന്തെങ്കിലും അരക്ഷിതാവസ്ഥ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സി.പി.എം ഏറ്റെടുക്കേണ്ടിവരുമെന്നും നേതാക്കൾ പറഞ്ഞു.
കേസെടുത്ത ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യണം –സി.പി.എം
കൊടുവള്ളി: സി.പി.എം നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ കേസെടുത്ത മുസ്ലിംലീഗ് നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിെൻറ പേരില്‍ എതിര്‍പാർട്ടിയിലെ നേതാക്കളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിലൂടെ മുസ്ലിംലീഗിെൻറ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെട്ടത്. ഇത്തരം രാഷ്ട്രീയ ക്രിമിനലുകളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തണമെന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ലോക്കൽ സെക്രട്ടറി കെ. ഷറഫുദ്ദീന് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നേതാക്കളെ പുറത്താക്കണം –ഐ.എൻ.എൽ
കൊടുവള്ളി: സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. ബാബു, വാവാട് ലോക്കൽ കമ്മിറ്റി അംഗം പി. പ്രദീപ് എന്നിവരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പാർട്ടി ഇവരെ പുറത്താക്കണമെന്ന് ഐ.എൻ.എൽ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. എം.പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.