കൊടുവള്ളി നഗരസഭ ഗതാഗത പരിഷ്കരണത്തിൽ വിവാദം
text_fieldsകൊടുവള്ളി: നഗരസഭയും കൊടുവള്ളി പൊലീസും ചേർന്ന് നടത്തിയ ഗതാഗത പരിഷ്കരണ നടപടികൾ തെറ്റായി പ്രചരിപ്പിക്കുന്നതായി ചെയർമാൻ. പൊതുജനങ്ങൾ വസ്തുതകൾ തിരിച്ചറിയണമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു.
പരിഷ്കരണം നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലാണ് തീരുമാനിച്ചത്. പ്രസ്തുത തീരുമാനങ്ങൾ കൊടുവള്ളിയിലെ രാഷ്ട്രീയകക്ഷി നേതാക്കൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ച് അവതരിപ്പിക്കുകയും നഗരസഭ കൗൺസിലിൽ ചർച്ച ചെയ്ത് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പിന്തുണച്ചതുമാണ്. സോഷ്യൽ മീഡിയയും പത്ര മാധ്യമങ്ങൾ വഴിയും പൊതുജനങ്ങളെ അറിയിക്കുകയും ബോധ്യപ്പെടുത്തുകയുമുണ്ടായി.
യതീംഖാന മുതൽ എം.പി.സി ജങ്ഷൻ വരെയുള്ള അനധികൃത പാർക്കിങ് നിരോധനമാണ് തീരുമാനങ്ങളിൽ ആദ്യത്തേത്. കടകളിൽ സാധനം വാങ്ങാൻ വരുന്നവരുടെ വാഹനമോ വിവിധ ഓഫിസിൽ വരുന്നവരുടെ വാഹനമോ അനധികൃത പാർക്കിങ്ങിൽ ഉൾപ്പെടില്ല. അത്തരം വാഹനങ്ങളുടെ പേരിൽ പൊലീസോ നഗരസഭയോ നടപടി സ്വീകരിച്ചിട്ടില്ല. കടകളും ഓഫിസുകളും തുറക്കുന്നതിന് മുമ്പേ അതിരാവിലെ പാർക്ക് ചെയ്ത് ഇതരസ്ഥലങ്ങളിലേക്ക് പോകുന്നവരുടെ വാഹനങ്ങൾ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇത്തരം വാഹനങ്ങൾ പാർക്ക് ചെയ്യാൻ നരിക്കുനി റോഡിൽ സൗകര്യം ഏർപ്പെടുത്തുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങൾ ജനങ്ങളെ അറിയിച്ചതുമാണ്. വസ്തുത ഇതായിരിക്കെ കൊടുവള്ളിയിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വരുന്നവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നു എന്ന പ്രചാരണം തെറ്റാണ്.
പരിഷ്കരണം നടപ്പാക്കിയ മൂന്നു ദിവസങ്ങളിലും കൊടുവള്ളിയിൽ ഗതാഗതം സുഗമമായി നടന്നു. കടകളിൽ സാധനം വാങ്ങാനും മറ്റാവശ്യങ്ങൾക്കും വരുന്നവർക്ക് തിരക്കും ബുദ്ധിമുട്ടുമില്ലാതെയും വന്നുപോകാനായി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ മറ്റു തീരുമാനങ്ങളായ ബസ് കാത്തിരിപ്പ് സ്ഥലം മാറ്റുന്നതും ഓപ്പൺ സ്റ്റേജ് പൊളിച്ചുമാറ്റുന്നതും പേ പാർക്കിങ് സൗകര്യം അനുവദിക്കുന്നതുമടക്കമുള്ള തീരുമാനങ്ങൾ വൈകാതെ നടപ്പാക്കും. ട്രാഫിക് പരിഷ്കരണത്തിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്നും ചെയർമാൻ പറഞ്ഞു.
പരിഷ്കാരം അപ്രായോഗികം –ജനകീയ സമിതി
കൊടുവള്ളി: കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപ്പിൽവരുത്തിയ പുതിയ പരിഷ്കാരം ജനദ്രോഹപരവും അശാസ്ത്രീയവുമാണെന്ന് കൊടുവള്ളി ജനകീയസമിതി വിലയിരുത്തി.
ബദൽസംവിധാനം കാണാതെയും ചർച്ചകൾ ഇല്ലാതെയും നഗരസഭ നടപ്പിലാക്കിയ സംവിധാനം കൊടുവള്ളിയിലെ പൊതുസമൂഹത്തിനെ കൂടി ബോധ്യപ്പെടുത്തിവേണമായിരുന്നു. യോഗത്തിൽ കോതൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കൺവീനർ കെ. അസ്സയിൻ, പി.ടി.സി. ഗഫൂർ, കെ.പി. മൊയ്തീൻ, എൻ.വി. ആലിക്കുട്ടി, ഒ.പി. റസാഖ്, സലീം നെച്ചോളി, കെ. നാസർ, സി.പി. റസാഖ്, എ.കെ. ഖാദർ, ആർ.ടി. രാമൻകുട്ടി, കെ.കെ. അബ്ദുറഹിമാൻ കുട്ടി എന്നിവർ സംസാരിച്ചു.
'അപര്യാപ്തത പരിഹരിക്കണം'
കൊടുവള്ളി: ടൗണിലും പരിസരത്തും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഗതാഗത ട്രാഫിക് പരിഷ്കരണത്തിലെ അപര്യാപ്തത പരിഹരിക്കണമെന്ന് നാഷനൽ യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പരിഷ്കരണത്തോട് വിയോജിപ്പില്ല. പക്ഷേ, അത് കുറ്റമറ്റരീതിയിൽ നടപ്പിലാക്കാൻ അധികൃതർ തയാറാവണം. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും കൃത്യമായ ബോധവത്കരണം നടത്തണമെന്നും ആവശ്യപ്പെട്ടു. നാഷനൽ യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് റഷീദ് തട്ടങ്ങൽ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കാരാട്ടപോയിൽ, മുജീബ് പട്ടിണിക്കര, കെ.കെ. ഇബ്നു തങ്ങൾ, ഇ.സി. അലി ഹംദൻ, ശാഫി പെരിക്കണ്ടി, കുഞ്ഞാലി വാവാട്, ജാസിർ, ജാബിർ, ആർ.സി. റഷീദ്, ജംഷാദ് നെല്ലാംകണ്ടി, മുബഷിർ പട്ടിണിക്കര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.