ഓവുചാലിലെ വെള്ളം നടവഴിയിലേക്ക് ഒഴുക്കിവിട്ടു ദുരിതത്തിലായി കുടുംബം
text_fieldsകൊടുവള്ളി: റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയ കൽവെർട്ടും ഓവുചാലും നിർമിച്ച് വെള്ളം നടവഴിയിലേക്കൊഴുക്കി വിട്ടതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പ്രയാസപ്പെട്ട് കുടുംബം. കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ ആറാം വാർഡിലെ ചീത്തപ്പാറ ഹുസൈനും കുടുംബവുമാണ് വർഷകാലം ആരംഭിച്ചതോടെ ദുരിതക്കയത്തിലായത്.
നെല്ലാങ്കണ്ടി ആവിലോറ കത്തറമ്മൽ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി ആവിലോറ ചെവിടംപാറ പള്ളിക്കു സമീപം റോഡ് ഉയർത്തി പുതിയ കൽവെർട്ട് നിർമിക്കുകയും ഓവുചാൽ സ്ഥാപിക്കുകയുമായിരുന്നു. അഞ്ചു ഭാഗങ്ങളിൽനിന്നും ഒലിച്ചെത്തുന്ന മഴവെള്ളം ഓവുചാൽ വഴി നടവഴിയിലേക്ക് തിരിച്ചുവിടുന്ന രീതിയിലാണ് പ്രവൃത്തികൾ നടത്തിയത്.
നിർമാണത്തിലെ അശാസ്ത്രീയത പരിസരവാസികൾ ഉയർത്തിയപ്പോൾ നടവഴി ഉയർത്തി കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ച് നടപ്പാത ഒരുക്കുമെന്നായിരുന്നു വാർഡ് അംഗമുൾപ്പെടെയുള്ളവർ വിശദീകരിച്ചിരുന്നതെന്നാണ് ഇവർ പറയുന്നത്.റോഡ് നവീകരണം പൂർത്തിയായെങ്കിലും നടപ്പാതയുടെ കാര്യത്തിൽ നടപടിയില്ലാതെ പോയതോടെ ഹുസൈന്റെ കുടുംബം പൊതുമരാമത്ത് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകി.
എന്നാൽ, നടപ്പാതയുടെ പ്രവൃത്തി നടത്തേണ്ടത് പഞ്ചായത്താണെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. ഇതോടെ ഇവർ കിഴക്കോത്ത് പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഇങ്ങനെയൊരു പ്രവൃത്തി സംബന്ധിച്ച് അറിയില്ലെന്ന മറുപടി പറഞ്ഞ് കൈയൊഴിഞ്ഞു. ഒട്ടേറെ കുടുംബങ്ങൾ ഈ നടപ്പാത വഴിയാണ് സമീപത്തെ തോടിന്റെ കടവിലേക്ക് അലക്കാനും കുളിക്കാനുമായി പോകുന്നത്.
ചെറിയ മഴക്കുപോലും വെള്ളം ഒലിച്ചെത്തി നടപ്പാതയിലേക്കെത്തുന്നതിനാൽ ഇതുവഴിയുള്ള യാത്ര മുടങ്ങിയിരിക്കുകയാണ്. കുട്ടികളുൾപ്പെടെയുള്ളവർ വെള്ളത്തിന്റെ കുത്തൊഴുക്കിൽ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. ഹുസൈന്റെ വീട്ടിലേക്കുള്ള ഏകവഴി തടസ്സപ്പെട്ടതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.