സ്വര്‍ണക്കടത്ത്; യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു
text_fieldsകൊടുവള്ളി: സ്വര്‍ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തലവന് മുക്കം മുരങ്ങംപുറായില്‍ ചുടലക്കണ്ടി സി.കെ. ഷബീർ (36), കുന്ദമംഗലം വരട്യാക്കിൽ ചാലിപ്പുറായിൽ സി.പി. അരുൺ (26), കൊടുവള്ളി മാനിപുരം പഠിപ്പുരക്കൽ അബ്ദുൽ റഹീം (36) എന്നിവരെയാണ് കൊടുവള്ളി ഇന്‍സ്പെക്ടര്‍ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
സൗദിയില്‍നിന്ന് എത്തിച്ച അരക്കിലോയോളം സ്വർണം കടത്തുന്ന വിവരം കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം എട്ടിന് രാത്രിയായിരുന്നു സംഭവം.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സംഘം തമിഴ്നാട്ടിലേക്ക് കടന്നു. പൊലീസിന്റെ നീക്കം മനസ്സിലാക്കിയ ഷബീര്‍ നാട്ടിലേക്ക് തിരിച്ചു. അന്വേഷണ സംഘം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോടഞ്ചേരി ഭാഗത്തുവെച്ച് ശബീറിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ കൂടി പിടികൂടിയത്.
ഷബീറിന്റെ സഹോദരന് ഷക്കീല്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
സംസാരിക്കാനെന്ന വ്യാജേനെ കാറില്‍ കയറ്റുകയും മുക്കം ഭാഗത്തേക്ക് ഓടിച്ചുപോവുകയുമായിരുന്നു. മർദിച്ച് അവശനാക്കിയാണ് വഴിയില്‍ ഉപേക്ഷിച്ചതെന്നും ഇയാള്‍ മൊഴി നല്കി. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.