ദേശീയപാത 766 വികസനം; ബൈപാസ് നിർമാണ നടപടികൾ വൈകുന്നതിൽ ആശങ്ക
text_fieldsകൊടുവള്ളി: ദേശീയപാത 766 വികസനത്തിന്റെ ഭാഗമായി റോഡിനും ബൈപാസുകൾക്കും ഭൂമി ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം ഇറങ്ങിയെങ്കിലും തുടർ നടപടികൾ വൈകുന്നത് ബൈപാസ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി.
കൊടുവള്ളി ബൈപാസ് പ്രധാനമായി കടന്നുപോകുന്ന മടവൂർ, കിഴക്കോത്ത് പഞ്ചായത്തുകളിലുള്ള ഭൂവുടമകളും കെട്ടിട ഉടമകളുമാണ് ആശങ്കയിൽ. വികസനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കൊടുവള്ളി ബൈപാസിന്റെ തുടർ നടപടികൾ മാസങ്ങളായിട്ടും മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ പദ്ധതി പ്രദേശത്തെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും ക്രയവിക്രയങ്ങൾ സ്തംഭിച്ചിട്ടുണ്ട്.
മലാപ്പറമ്പ് - പുതുപ്പാടി ദേശീയപാത വികസനത്തിന്റെ ഭാഗമായി 35 കിലോമീറ്റർ നവീകരണത്തിലാണ് കൊടുവള്ളിയിലും താമരശ്ശേരിയിലും പുതുതായി ബൈപാസ് വരുന്നത്. റോഡിനും ബൈപാസിനുമായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം വന്നിട്ട് മാസങ്ങളായെങ്കിലും മറ്റ് തുടർ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
പദ്ധതി ഏതുവിധത്തിൽ പ്രദേശങ്ങളെ ബാധിക്കുമെന്നറിയാത്തതിനാൽ പുതിയ വീട് നിർമിക്കാനോ നിലവിലുള്ളവ നവീകരിക്കുന്നതിനോ ഭൂമി ക്രയവിക്രയങ്ങൾക്കോ സാധ്യമാകുന്നില്ല. കൊടുവള്ളി ബൈപാസ് പടനിലത്തിന് സമീപത്തുനിന്നും ആരംഭിച്ച് നെല്ലാങ്കണ്ടിക്ക് സമീപത്താണ് അവസാനിക്കുക. പുതിയ ബൈപാസ് നാഷനൽ ഹൈവേയായി നിലനിർത്തി ഇതിനിടയിലുള്ള നിലവിലുള്ള ഹൈവേ സംസ്ഥാന പാതയായി വികസിപ്പിക്കുമെന്നാണ് പറയുന്നത്.
ഇത് കൊടുവള്ളി ടൗൺ വികസനത്തിന്റെ ഭാഗമായാണ് പ്രാവർത്തികമാക്കുകയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പദ്ധതിയുടെ അന്തിമ അലൈൻമെന്റ് നിർണയിക്കാൻ പുതിയ സർവേയും ഡി.പി.ആറും അനിവാര്യമാണ്. ഇതിന്റെ നടപടികൾ എങ്ങുമെത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം.
പൂനൂർ പുഴയോടുചേർന്ന ഭാഗങ്ങളിൽ ഏത് രീതിയിലാവും സ്ഥല മേറ്റെടുക്കുക എന്ന ആശങ്കയും നിലനിൽക്കുന്നു. കുമാർ അസോസിയറ്റ്സ് എന്ന സ്ഥാപനത്തെയാണ് കേന്ദ്ര സർക്കാർ, ഡി.പി.ആർ തയാറാക്കുന്നതിന് നി യോഗിച്ചിരുന്നത്. എന്നാൽ, ഇവർക്ക് അനുവദിച്ച സമയം അവസാനിച്ചെന്നും ഡി.പി.ആർ പൂർത്തിയാക്കാൻ റീ ടെൻഡർ ചെയ്യണമെന്നുമാണ് പറയുന്നത്.
ഇതിനെല്ലാം ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാവു. പദ്ധതി കടന്നുപോകുന്ന കിഴക്കോത്ത് പഞ്ചായത്തിലെ പ്രദേശവാസികൾ യോഗം ചേർന്ന് ജനകീയ സമിതി രൂപവത്കരിക്കുകയും ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. എം.എൽ.എ, എം.പി എന്നിവരുൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.