വീടില്ലാതെ കണ്ടാല മലയിലെ കാണാമറയത്തുകാർ
text_fieldsകൊടുവള്ളി: താഴ്വാരങ്ങളിൽ താമസിക്കുന്നവർ കുന്നിനു മുകളിലുള്ള ദുരിത ജീവിതങ്ങളെക്കുറിച്ച് അധികമൊന്നും ചിന്തിക്കാറില്ല. അടച്ചുറപ്പുള്ള വീടും കയറിവരാനുള്ള വഴിയും കുടിക്കാൻ ഇത്തിരി വെള്ളവും പലപ്പോഴും അവർക്കന്യമായിരിക്കും.ഇത് കണ്ടാല മലയാണ്. കണ്ടാല കോളനിക്കും അപ്പുറമുള്ള കുന്നിൻ ചരിവ്. കൊടുവള്ളി നഗരസഭയിലെ പട്ടിണിക്കര എട്ട് ഡിവിഷനിൽ ആരാലും ശ്രദ്ധിക്കപ്പെടാതെപോയ ഒരിടം. ആറ് കുടുംബങ്ങളാണ് ഇവിടെയുള്ളത്. സുരക്ഷിതമെന്ന് പറയാവുന്ന വീടുള്ളത് ഒരാൾക്ക് മാത്രമാണ്.
2000 - 2005 കാലഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് ലഭിച്ച ധനസഹായത്താലാണ് നാല് കുടുംബങ്ങൾ വീടുണ്ടാക്കിയത്. കാലപ്പഴക്കം കാരണം ഇവയെല്ലാം തകർച്ചയുടെ വക്കിലാണ്. ആരുടെയും ശ്രദ്ധയെത്താത്തതിനാൽ വീടെന്നത് നിറവേറ്റപ്പെടാത്ത സ്വപ്നമായി ഉള്ളിൽ കൊണ്ടുനടക്കാനാണ് ഇവരുടെ വിധി.
കുന്നുകയറി പകുതിയെത്തിയാൽ വികലാംഗയായ സ്ത്രീ താമസിക്കുന്ന വീടെത്തും. കാട് വകഞ്ഞുമാറ്റി വേണം വഴി കണ്ടെത്താൻ. മുകളിലേക്ക് കയറേണ്ടതും കല്ലുകളും കുഴികളും നിറഞ്ഞ ചരിവിലൂടെയാണ്. മുകളിലെത്തിയാൽ അടുത്തടുത്ത് നാല് വീടുകൾ. ഒരു വീട്ടിൽ താമസിക്കുന്ന പ്രായമായ സ്ത്രീ നിത്യരോഗിയാണ്. അവരുടെ വീടിെൻറ മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ളതാണ്. മറ്റുള്ള വീടുകളും സമാന അവസ്ഥയിൽ തന്നെ.താഴെയുള്ള ഒരു വീട്ടിലൊഴികെ കിണറില്ല. ജലനിധി പദ്ധതിയിൽ നിന്ന് ആഴ്ചയിൽ മൂന്ന് ദിവസം കുറച്ച് വെള്ളം കിട്ടും. വേനലായാൽ കുടിവെള്ളം കിട്ടാൻ കുന്നിറങ്ങി ഒരു കിലോമീറ്ററെങ്കിലും പോകണം. നിസ്സഹായത നിഴലിക്കുന്ന കണ്ണുകളുമായി ഇവർ ജീവിതം തള്ളിനീക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ടാലമല കോളനിവാസികളുടെ ദുരിത ജീവിതത്തെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.
- വീട് വേണ്ടെന്ന് എഴുതിത്തന്നതിനാൽ പദ്ധതികളിൽ ഉൾപ്പെടുത്താനായില്ല
കണ്ടാലമലയിലെ മുഴുവൻ കുടുംബങ്ങൾക്കും വീട് അനുവദിച്ച് കിട്ടുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചിരുന്നതായി കൗൺസിലർ അബൂബക്കർ മാസ്റ്റർ പറഞ്ഞു. ചില കുടുംബങ്ങൾ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വീട് വേണ്ടതില്ലെന്ന് എഴുതി നൽകിയതിനാൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. പല കുടുംബങ്ങളും ഇവിടെ സ്ഥിരതാമസക്കാരുമല്ല. മലമുകളിലേക്ക് വീട് നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള പ്രയാസമാണ് വീട് വേണ്ടെന്നുവെക്കാൻ ഇവർ പറയുന്ന വാദം. വാവാട് ഇരുമോത്ത് വിഷാരത് എസ്റ്റേറ്റ് വഴി ഇവിടേക്ക് പുതിയ റോഡ് നിർമിച്ചിട്ടുണ്ട്. കുറച്ച് ഭാഗം കൂടി റോഡ് നിർമിച്ചാൽ കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. കുന്നിൻ മുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ പുതിയ പദ്ധതിക്കായി സ്വകാര്യ വ്യക്തി സൗജന്യമായി ഭൂമി വിട്ടുനൽകാൻ തയാറായിട്ടുണ്ട്. പട്ടയം ലഭ്യമാക്കാൻ നൽകിയ അപേക്ഷകളിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുകയാണെന്നും കൗൺസിലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.