ഹൃദയത്താൽ അവർ വീണ്ടും ഒത്തുചേരും,സ്വപ്നങ്ങൾക്ക് നിറം പകരാൻ
text_fieldsകൊടുവള്ളി: സ്വപ്നങ്ങളിൽ ഇരുൾ പടർന്നവർ ‘ഹൃദയാർദ്രം’ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച വീണ്ടും ഒത്തുചേരുന്നു. രോഗങ്ങളടക്കം വിവിധ കാരണങ്ങളാൽ വീടിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടവരാണ് സംഗമിക്കുന്നത്. ഇവരെ ചേർത്തുനിർത്തി സമൂഹം കൂടെയുണ്ടെന്ന സന്ദേശം പകരുകയും അവർക്ക് പുതുജീവിതത്തിലേക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം. കൊടുവള്ളി കേന്ദ്രീകരിച്ച് പാലിയേറ്റിവ്, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിനായി 2017ൽ രൂപവത്കരിച്ച സംവിധാനമാണ് ‘ഹൃദയാർദ്രം’ ഫൗണ്ടേഷൻ.
ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊടുവള്ളി ആക്കിപൊയിൽ പെട്രോൾ പമ്പിന് സമീപത്തെ ഗ്രൗണ്ടിലാണ് ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ‘അവർക്കൊപ്പം’ എന്ന പേരിൽ നാലാമത് സംഗമം നടക്കുന്നത്. ഭിന്നശേഷിക്കാരായ 150ലധികം പേർ പങ്കെടുക്കും.
പരിപാടിക്ക് തുടക്കം കുറിച്ച് ശനിയാഴ്ച വൈകുന്നേരം ഷമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവരുടെ ഗസൽ സന്ധ്യയുണ്ടാകും. ഭക്ഷ്യമേള, ബിസിനസ് സ്റ്റാളുകളുടെ പ്രദർശനം എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വിവിധ കലാലയങ്ങളിലെ വിദ്യാർഥികൾ ഒരുക്കുന്ന ഫുഡ് സ്റ്റാളുകളും ഉണ്ടാകും.
ഒരുപാട് മനുഷ്യർക്ക് ആശ്വാസമേകാൻ ഇക്കാലയളവിനുള്ളിൽ ഫൗണ്ടേഷനു സാധിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ വീട് നിർമാണം, വിവാഹ ധനസഹായം, പണമില്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിപ്പോയ വിദ്യാർഥികൾക്ക് പഠന സഹായം, ചികിത്സ സഹായം, ഹൃദയാര്ദ്രം - ഇഖ്റ കമ്യൂണിറ്റി സൈക്യാട്രി, ഓട്ടിസം പോലുള്ള രോഗങ്ങളുള്ള കുട്ടികൾക്ക് സഹായവിതരണം തുടങ്ങിയവ ചെയ്യുന്നു.
ഹോംകെയര്, മരുന്നുവിതരണം, കോവിഡ് കാലത്തെ സേവനം തുടങ്ങിയവയിലും സജീവമാണ്. വിശാലമായ രീതിയിൽ ഫിസിയോതെറപ്പി ചികിത്സ, പുനരധിവാസം, തൊഴിൽ പരിശീലനം, വിപണനം തുടങ്ങിയവയെല്ലാം അടങ്ങുന്ന ബൃഹത് പദ്ധതിയും ഭാവിയിൽ നടപ്പാക്കും. ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഫിസിയോതെറപ്പി കെയർ സെന്ററിന്റെ പ്രവർത്തനം കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ഫണ്ട് സമാഹരിക്കുകയാണ് ഞായറാഴ്ചത്തെ പരിപാടിയുടെ മുഖ്യ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.