അന്തർ സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവം: പിടിയിലായത് മോഷ്ടാക്കൾ
text_fieldsകൊടുവള്ളി (കോഴിക്കോട്): കിഴക്കോത്ത് എളേറ്റിൽ വട്ടോളിയില്‍ മൊബൈല്‍ ഫോൺ കവര്‍ച്ചക്കെത്തിയ സംഘം ബിഹാര്‍ സ്വദേശി അലി അക്ബറിനെ ബൈക്കില്‍ വലിച്ചിഴച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് മോഷ്ടാക്കളെ കൊടുവള്ളി പൊലീസ് പിടികൂടി. കാക്കൂർ രമല്ലൂർ സ്വദേശികളായ മഞ്ഞളാം കണ്ടി മീത്തൽ ഷംനാസ് (23), കുന്നുമ്മൽതാഴം സനു കൃഷണ (18) എന്നിവരെയാണ് വെളളിയാഴ്ച വൈകീട്ട് കാക്കൂരിൽനിന്ന് പിടികൂടിയത്. ഷംനാസ് നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്.
ബുധനാഴ്ച വൈകീട്ട് ആറരയോടെ എളേറ്റിൽ ഇയ്യാട് റോഡിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മോഷ്ടാക്കൾ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട് ഫോണ്‍ വിളിക്കാനായി മൊബൈല്‍ ആവശ്യപ്പെട്ടു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണിൽ സംസാരിക്കുന്നതായി നടിക്കുകയും ഉടനെ ബൈക്ക് മുന്നോട്ടെടുക്കുകയുമായിരുന്നു. ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്.
റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്ന്നു. ഇതിനിടെ ബൈക്കിെൻറ പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു. അലി അക്ബര്‍ ഇയാളെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. ഇതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ റോഡിലേക്ക് തെറിച്ചു വീണു. ഇത് നാട്ടുകാര്‍ കൊടുവള്ളി പൊലീസിന് കൈമാറി.
തുടർന്നാണ് പ്രതികൾ ഇന്നലെ പൊലീസ് പിടിയിലാവുന്നത്. ഇവർക്ക് മറ്റ് മോഷണ കേസുകളിൽ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. സജീവൻ, എസ്.പി.ഒമാരായ റഷീദ്, റഹിം നെരോത്ത്, ജയരാജൻ, റഫിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.