മഞ്ഞപ്പിത്തം വ്യാപകം; കൊടുവള്ളി നഗരസഭയിൽ ഒരാഴ്ച നീളുന്ന പ്രതിരോധ പ്രചാരണം
text_fieldsനഗരസഭയിലെ മുഴുവൻ ഹോട്ടലുകൾ, കൂൾബാറുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നഗരസഭ ഹെൽത്ത് വിഭാഗവും ആരോഗ്യ വകുപ്പ് ജീവനക്കാരും സംയുക്ത പരിശോധന നടത്തും
കൊടുവള്ളി: നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്ത രോഗം വ്യാപകമാകുന്നു. അടുത്തിടെയായി നഗരസഭ പരിധിയിൽ നിന്നുമായി മൂന്ന് പേർ മരണപ്പെടുകയുണ്ടായി. നിലവിൽ നൂറിൽപരം ആളുകൾക്ക് രോഗമുണ്ടെന്നാണ് അധികൃതർ പറയുന്നത്. രോഗബാധ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ അടിയന്തരമായി ജൂലൈ 22 മുതൽ 27 വരെ നീളുന്ന പ്രതിരോധ പ്രചാരണ പരിപാടികൾ കൊടുവള്ളി നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു.
നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയുടെ എല്ലാ പ്രദേശങ്ങളിലും കവലകളിലും മൈക്ക് അനൗൺസ്മെന്റ് നടത്തും. ആരോഗ്യ പ്രവർത്തകരുടെ ഡ്രാമ പ്രോഗ്രാം, കവലകളിൽ ബോധവത്കരണ പ്രസംഗം എന്നിവ നടത്തും.
നഗരസഭയിലെ മുഴുവൻ ഹോട്ടലുകൾ, കൂൾബാറുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നഗരസഭ ഹെൽത്ത് വിഭാഗവും ആരോഗ്യ വകുപ്പ് ജീവനക്കാരും സംയുക്ത പരിശോധന നടത്തും. മുഴുവൻ കുടിവെള്ള സ്രോതസ്സുകളിലും കഴിഞ്ഞ മാസം ക്ലോറിനേഷൻ പൂർത്തീയാക്കിയെങ്കിലും ചില വീട്ടുകാരും ചില ജലനിധി കമ്മിറ്റികളും ക്ലോറിനേഷൻ നടത്തുന്നതിൽ വിമുക്ത കാണിച്ചത് നഗരസഭയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
വിവിധ ഏരിയകൾ തിരിച്ച് ജലനിധി കമ്മിറ്റികളുടെ സംയുക്ത യോഗം വിളിക്കും.
കല്യാണ വീടുകളിലും മറ്റ് ചടങ്ങുകളിലും ശീതള പാനീയങ്ങൾ നൽകുന്നത് കർശനമായി ഒഴിവാക്കാൻ നിർദേശങ്ങൾ നൽകാൻ വാർഡ് കൗൺസിലർമാരെയും ആശാവർക്കർമരെയും ആരോഗ്യ പ്രവർത്തകരെയും ചുമതലപ്പെടുത്തും. രോഗവുമായി ബന്ധപ്പെട്ട് ജനങ്ങൾ സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും കാണിച്ച് ഹോട്ടലുകളിലും മറ്റ് ഇടങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.
തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ഓഫിസ് പരിസരത്ത് പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ചെയർമാൻ വെള്ളറ അബ്ദു നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.