മഞ്ഞപ്പിത്തം; വ്യാപക പരിശോധനയും നടപടിയും
text_fieldsകൊടുവള്ളി: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ കരുതൽ നടപടികളുമായി നഗരസഭയും ആരോഗ്യവകുപ്പും രംഗത്ത്. പോർങ്ങോട്ടൂർ, പൊയിലങ്ങാടി ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമാണ്. തിങ്കളാഴ്ച പൊയിലങ്ങാടി മഠത്തിൽ രജിന (35) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.
പോർങ്ങോട്ടൂർ, പൊയിലങ്ങാടി ഭാഗങ്ങളിലായി അമ്പതിൽപരം പേർക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങളുള്ളതായി നാട്ടുകാർ പറയുന്നു. മഞ്ഞപ്പിത്തബാധയുള്ള 12 പേർ നിരീക്ഷണത്തിലുള്ളതായും രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു.
പ്രദേശത്തെ പാലക്കുന്ന് ജലനിധി കുടിവെള്ള പദ്ധതിയിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരിലാണ് അധികവും മഞ്ഞപ്പിത്തലക്ഷണങ്ങൾ കണ്ടുവന്നത്. ഈ കുടിവെള്ളപദ്ധതിയുടെ ടാങ്ക് വൃത്തിയാക്കി ക്ലോറിനേഷൻ നടത്തുകയുണ്ടായി.
നോമ്പുകാലമായതോടെ നാട്ടിൻപുറങ്ങളിലടക്കം അനാരോഗ്യകരമായ സാഹചര്യത്തിൽ തയാറാക്കുന്ന ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെയും വിവിധ പേരുകളുള്ള ശീതള പാനീയങ്ങളുടെയും വിപണനവും സജീവമാണ്. നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പാതയോരങ്ങളിലേതടക്കമുള്ള കടകളിൽ പരിശോധന നടത്തി. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന താൽക്കാലിക കച്ചവടകേന്ദ്രങ്ങളിലേതുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മസാലക്കൂട്ടുകൾ ചേർത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപന അനുവദിക്കില്ലെന്ന് നഗരസഭ ചെയർമാൻ അബ്ദു വെള്ളറ അറിയിച്ചു.
നഗരസഭ അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കൊടുവള്ളി, പെരിയാംതോട്, സൗത്ത് കൊടുവള്ളി, പാലക്കുറ്റി, നെല്ലാങ്കണ്ടി, വാവാട് സെൻറർ, വാവാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധനയും ബോധവത്കരണവും നടത്തി.
ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളും മസാലക്കൂട്ടുകൾ ചേർത്ത ഭക്ഷ്യവസ്തുക്കളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ആവർത്തിച്ചാൽ പിഴ ചുമത്തുകയും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഹൈവേകളിലെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകളിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് നിർബന്ധമാക്കി. കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരണമുണ്ടായ പോർങ്ങോട്ടൂർ, പൊയിലങ്ങാടി എന്നിവിടങ്ങളിൽ
22ന് മെഡിക്കൽ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കും. പ്രദേശവാസികൾ സഹകരിക്കണമെന്ന് മെഡിക്കൽ ഓഫിസർ റിൻസി ആന്റണി അഭ്യർഥിച്ചു.
കുന്ദമംഗലം: പകർച്ചവ്യാധികൾ കൂടിവരുന്ന സാഹചര്യത്തിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സായാഹ്നങ്ങളിലും രാത്രികാലങ്ങളിലും പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, കട്ടാങ്ങൽ, കമ്പനി മുക്ക്, പുള്ളാവൂർ, ചൂലൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കുടിവെള്ള പരിശോധന നടത്താതെയും ഹെൽത്ത് കാർഡ് ഇല്ലാതെയും മതിയായ ശുചിത്വ സംവിധാനമില്ലാതെയും പ്രവർത്തിച്ച വഴിയോരക്കച്ചവടങ്ങൾ നിർത്തിവെക്കാൻ നിർദേശിച്ചു. ഹോട്ടലുകൾ, ബേക്കറി, കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി പഴകിയതും കേടുവന്നതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ പദാർഥങ്ങൾ നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കീം, എം. സുധീർ, കെ. സുധ, എൻ.കെ. നവ്യ എന്നിവർ നേതൃത്വം നൽകി. മഞ്ഞപ്പിത്തം ചാത്തമംഗലം പഞ്ചായത്തിലും റിപ്പോർട്ട് ചെയ്തുവരുന്ന സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസിലെ ടെക്നിക്കൽ അസി. ഡി.കെ. ശംഭു ചാത്തമംഗലം പഞ്ചായത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.