കരിപ്പൂർ സ്വർണക്കവർച്ച: പിടിയിലായവർ ഏറെകാലമായി ക്വട്ടേഷൻ രംഗത്തുള്ളവർ
text_fieldsകോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊടുവള്ളി സ്വദേശികളെല്ലാം പതിറ്റാണ്ടായി ക്വട്ടേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർ. ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് (40), സ്വർണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്സ് തലവൻ റസൂഫിയാെൻറ സഹോദരൻ വാവാട് സ്വദേശി തെക്കേക്കണ്ണി പോയിൽ ജസീർ (31), ഇവരെ ഡൽഹിയിലെ രഹസ്യസങ്കേതത്തിലേക്ക് രക്ഷപ്പെടുത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കിഴക്കോത്ത് സ്വദേശി അബ്ദുൽ സലീം (45 ) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റുചെയ്തത്.
2014 ഫെബ്രുവരി പത്തിന് ഓമശ്ശേരി സ്വദേശി മാക്കിൽ അബ്ദുൽ അസീസിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണിവരെല്ലാം. കേസിൽ ഒന്നും എട്ടും പ്രതികളായ മുഹമ്മദ്, ജസീർ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. നാലാംപ്രതിയായ അബ്ദുൽ സലീമിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇവർ മറ്റു നിരവധി കേസുകളിലും പ്രതികളാണ്.
സ്വർണക്കവർച്ച കേസിൽ നേരത്തെ അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി മുഹമ്മദലി ശിഹാബിെൻറ നേതൃത്വത്തിലായിരുന്നു അബ്ദുൽ അസീസിനെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയത്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിെൻറ ആലപ്പുഴയിലെ ഷോറൂമിൽ നിന്ന് സ്വർണം കളവുപോയ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘമാണെണ് പറഞ്ഞാണ് ശിഹാബ് ഉൾപ്പെടെ പത്തംഗസംഘം രാത്രി അസീസിനെ വീട്ടിൽ നിന്ന് കൈയാമം വെച്ച് ഇന്നോവ കാറിൽ കടത്തിക്കൊണ്ടു പോയത്.
തെക്കൻ ജില്ലകളിൽ വിതരണത്തിനുള്ള കുഴൽപണം തട്ടിപ്പറിച്ചതിനു പിന്നിൽ അസീസാണെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതെന്ന് പിന്നീട് വ്യക്തമായി. ആദ്യം പൂനൂർ പുഴയോരത്ത് കൊണ്ടുപോയും പിന്നീട് കെട്ടിത്തൂക്കിയുമാണ് അസീസിനെ മർദിച്ചത്. തുടർന്ന് പ്രതികളിലൊരാളുടെ മണ്ണിൽ കടവിലെ വീട്ടിലും അടുത്ത ദിവസം കാറിൽ മഞ്ചേരിയിലെ കടമുറിയിൽ പൂട്ടിയിട്ടും മർദിച്ചു. ഗുരുതര പരിക്കേറ്റ് മരിക്കാറായ ഇദ്ദേഹത്തെ മൂന്നാം നാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങുകയായിരുന്നു. 2018 ലാണ് കേസിെൻറ കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.