തകർന്ന് തകർന്ന് കൊടുവള്ളി-ആർ.ഇ.സി റോഡ്
text_fieldsകൊടുവള്ളി: വാഹനത്തിരക്കേറിയ കൊടുവള്ളി-ആർ.ഇ.സി. റോഡ് ടാറിങ് തകർന്നുതരിപ്പണമായി. തകർന്ന റോഡിലൂടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നത്. കൊടുവള്ളിയിൽനിന്ന് കെ.എം.സി.ടി മെഡിക്കൽ കോളജ്, എൻ.ഐ.ടി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും ചെറുതും വലുതുമായ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി വിദ്യാർഥികളും രോഗികളുമടക്കം നൂറുകണക്കിനാളുകളാണ് ഈ റോഡിലൂടെ യാത്രചെയ്യുന്നത്.
കൊടുവള്ളി-ആർ.ഇ.സി റോഡിന്റെ കൊടുവള്ളി മുതൽ കാരാട്ടുപൊയിൽ വരെയുള്ള ഭാഗത്ത് റോഡിൽ എവിടെ നോക്കിയാലും കുഴികളാണ്. മഴക്കാലമായതോടെ റോഡിലെ ആഴമുള്ള കുഴികളിൽ ചളിവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴികൾ മനസ്സിലാക്കാൻ കഴിയാതെ ബൈക്ക് യാത്രക്കാർ വീഴുന്നത് പതിവാണ്.
റോഡിലൂടെ സഞ്ചരിക്കുന്ന കാൽനടക്കാരുടെ മേൽ ചളിതെറിക്കുന്നതും ഇപ്പോൾ നിത്യസംഭവമാണ്. കെ.എം.സി.ടി മെഡിക്കൽ കോളജിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളെയും ഗർഭിണികളെയും ഏറെ പ്രയാസപ്പെട്ടാണ് ഈ റോഡിലൂടെ ആംബുലൻസിൽ കൊണ്ടുപോകുന്നത്.
കൊടുവള്ളി, കുന്ദമംഗലം മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡിന്റെ ഭൂരിഭാഗവും കുന്ദമംഗലം മണ്ഡലത്തിലാണ്. റോഡ് നവീകരണത്തിനായി ഏറ്റെടുക്കേണ്ട സ്ഥലത്ത് അതിര് നിർണയിച്ച് കല്ല് സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതായാണ് കഴിഞ്ഞ ദിവസം ഡോ.എം.കെ. മുനീർ എം.എൽ.എ പറഞ്ഞത്.
റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും പറയാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ, അറ്റകുറ്റപ്പണി മാത്രമാണ് പലപ്പോഴും റോഡിൽ നടത്തിക്കൊണ്ടിരിക്കുന്നത്. റോഡ് ഉടനീളം നടത്തിയ അറ്റകുറ്റപ്പണിപോലും യാത്രക്കാർക്ക് ദുരിതമാവുകയാണ്. കൊടുവള്ളി-ആർ.ഇ.സി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അധികൃതർ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ ശോച്യാവസ്ഥയിൽ കെ.എസ്.യു പ്രതിഷേധിച്ചു
കൊടുവള്ളി: കൊടുവള്ളി - ആർ.ഇ.സി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊടുവള്ളി ടൗൺ യൂനിറ്റിന്റെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. കോൺഗ്രസ് കൊടുവള്ളി മണ്ഡലം സെക്രട്ടറി ഷാഫി ചുണ്ടപ്പുറം ഉദ്ഘാടനം ചെയ്തു.
ഇർഫാൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. ഫിജാസ്, ഹാദി ആരാമ്പ്രം തുടങ്ങിയവർ നേതൃത്വം നൽകി. ഫിലിപ് ജോൺ മുഖ്യപ്രഭാഷണം നടത്തി. അരുൺ സ്വാഗതവും ഷൈബിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.