കൊടുവള്ളി നഗരസഭ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
text_fieldsകൊടുവള്ളി: നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ മേയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി വെൽഫെയർ പാർട്ടിയുടെ കെ.കെ. ഹരിദാസനും ബി.ജെ.പി സ്ഥാനാർഥിയായി കെ. അനിൽകുമാറുമാണ് പത്രിക നൽകിയത്.
ബുധനാഴ്ച രാവിലെ 11.30ഓടെ റിട്ടേണിങ് ഓഫിസറായ ജില്ല വ്യവസായ കേന്ദ്രം മാനേജർ ഐ. ഗിരീഷ് മുമ്പാകെയാണ് ഹരിദാസൻ പത്രിക സമർപ്പിച്ചത്. മുസ്ലിം ലീഗ് കമ്മിറ്റി ഓഫിസിൽനിന്ന് യു.ഡി.എഫ്, വെൽഫെയർ പാർട്ടി നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പൊതുപ്രവർത്തകനായ ഹരിദാസൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലും വാരിക്കുഴിത്താഴം ഡിവിഷനിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
യു.ഡി.എഫിനൊപ്പം നഗരസഭയിൽ മത്സരിച്ച വെൽഫെയർ പാർട്ടിക്ക് നൽകിയ രണ്ട് സീറ്റുകളിലൊന്നാണ് വാരിക്കുഴിത്താഴം ഡിവിഷൻ. യു.ഡി.എഫ്, വെൽഫെയർ പാർട്ടി നേതാക്കളായ ടി.കെ. മുഹമ്മദ്, സി.പി. അബ്ദുൽ റസാഖ്, ജയപ്രകാശൻ മടവൂർ, നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, ഡെപ്യൂട്ടി ചെയർമാൻ കെ.എം. സുശിനി, ഹസീന എളങ്ങോട്ടിൽ, എം.പി. അബ്ദുറഹിമാൻ, കെ. ശിവദാസൻ, എൻ.കെ. അനിൽകുമാർ, യു.കെ. ഇഖ്ബാൽ, പി. അബ്ദുല്ല, പി.പി. സൈനുൽ ആബിദ്, വി.കെ. അബ്ദു ഹാജി, പി.ആർ. മഹേഷ്, സി.കെ. ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.
പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് കെ. അനിൽകുമാർ ബുധനാഴ്ച ഉച്ചക്ക് 2.45ഓടെ നാമനിർദേശ പത്രിക സമർപ്പിച്ചത്. നേതാക്കളായ ഗിരീഷ് തേവള്ളി, ഷാൻ കട്ടിപ്പാറ, മനോജ് നടുക്കണ്ടി, കെ.പി. മുരളീധരൻ, ദേവദാസൻ, ബിജു പടിപ്പുരക്കൽ തുടങ്ങിയവർ സംബന്ധിച്ചു. 28ന് സൂക്ഷ്മപരിശോധന നടക്കും. ശനിയാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മേയ് നാലിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.