കൊടുവള്ളി നഗരസഭ കെട്ടിടം പൊളിക്കൽ നീളുന്നു
text_fieldsകൊടുവള്ളി: അപകടാവസ്ഥയിലുള്ള കൊടുവള്ളി നഗരസഭ കെട്ടിടം പൊളിക്കൽ നീളുന്നു. കെട്ടിടം പൊളിച്ചുമാറ്റി പുതിയ സമുച്ചയം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ, കെട്ടിടത്തിലെ ചില കച്ചവടക്കാർ കോടതിയെ സമീപിച്ചതാണ് പ്രതിസന്ധിയായത്.
നിലവിലുള്ള ഓഫിസ് കെട്ടിടം 40 വർഷത്തിലധികം പഴക്കമുള്ളതാണ്. പലഭാഗങ്ങളും അടർന്നുവീണും ദ്രവിച്ചും അപകടാവാസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ് സാങ്കേതികവിഭാഗം മുഖേന നഗരസഭ നടത്തിയ പരിശോധനയിൽ കെട്ടിടം തകർച്ചയിലാണെന്നും പില്ലറുകൾക്കും ഭീമുകൾക്കും ക്ഷതമുള്ളതിനാൽ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ കഴിയുകയില്ലെന്നും വ്യക്തമായിരുന്നു. ഈസാഹചര്യത്തിലാണ് കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന മൊബൈൽ ടവർ അടിയന്തരമായി നീക്കം ചെയ്ത് പുതിയ കെട്ടിടം നിർമിക്കുന്നതിന് നഗരസഭ തുടക്കമിട്ടത്.
കെട്ടിടത്തിന്റെ ഭാഗങ്ങൾ പലതവണ അടർന്നുവീണെങ്കിലും പൊതുജനങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്. കെട്ടിട നിർമാണത്തിന് പ്രാഥമിക തുകയായി 4.5 കോടി രൂപ നഗരസഭ വകയിരുത്തി അംഗീകാരം നേടുകയും നിർമാണത്തിനു കൊച്ചിയിലെ എഫ്.ആർ.ബി.എൽ കമ്പനി ടെൻഡർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് സർക്കാർ ഉത്തരവ് ലഭിക്കുകയും പൊളിച്ചുമാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. കെട്ടിടത്തിലെ കച്ചവടക്കാരുടെ യോഗം വിളിച്ച് പുനരധിവസിപ്പിക്കുന്ന കാര്യം ചർച്ച ചെയ്ത് അവർക്ക് പരിഗണന നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. വിഷയം നഗരസഭ കൗൺസിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ചില കച്ചവടക്കാർ കോടതിയെ സമീപിച്ചത്.
എന്നാൽ, സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകിയിരിക്കുകയാണ്. കെട്ടിടം ഉടൻ പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും കച്ചവടക്കാർ കോടതിയെ സമീപിച്ചതാണ് പ്രവൃത്തി നീണ്ടുപോകാൻ കാരണമെന്നും നഗരസഭ ചെയർമാൻ വെളളറ അബ്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.