കൊടുവള്ളി നഗരസഭ: റെബലുകൾ യു.ഡി.എഫിന് പാരയായി
text_fieldsകൊടുവള്ളി: നഗരസഭയിൽ മിന്നുന്ന ഭൂരിപക്ഷത്തിൽ വിജയം നേടി യു.ഡി.എഫ് വിജയിച്ചപ്പോഴും യു.ഡി.എഫിനും എൽ.ഡി.എഫിനും ബി.ജെ.പി.ക്കുമെല്ലാം നഷ്ടത്തിെൻറ ഫലമാണ് വന്നത്. വിമതർ യു.ഡി.എഫിനെ തിരിഞ്ഞുകുത്തിയപ്പോൾ സ്ഥിരംഡിവിഷൻ നഷ്ടപ്പെട്ടതാണ് എൽ.ഡി.എഫിനെ കുഴക്കുന്നത്. പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൾ ചോർന്നു പോയത് എവിടെയെന്ന് പറയാൻ കഴിയാതെ നാണക്കേടിലാണ് ബി.ജെ.പി നേതൃത്വം.
12 കരീറ്റിപറമ്പ് വെസ്റ്റ് ഡിവിഷനിൽ യു.ഡി.എഫിെൻറ സ്ഥാനാർഥി സി.കെ. ജലീലായിരുന്നു. ജലീലിനെതിരെ മുസ്ലിം ലീഗിെൻറ മുൻ കൗൺസിലറായിരുന്ന യു.വി. സാഹി നേതൃത്വത്തിനെ അവഗണിക്കാതെ റെബൽ സ്ഥാനാർഥിയായി. യു.വി. സാഹി 391 വോട്ട് പിടിച്ചതോടെ യു.ഡി.എഫ് സ്ഥാനാർഥി 199 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. ഇതോടെ എൽ.ഡി.എഫ് സ്ഥാനാർഥി ഉനൈസ് എളുപ്പത്തിൽ 432 വോട്ട് നേടി ഡിവിഷൻ തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് 83 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്.
കരുവൻ പൊയിൽ ഈസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥി ടി.കെ.പി. അബൂബക്കറിന് പാരയായത് സ്വതന്ത്രനായി രംഗത്തു വന്ന പൊയിൽ തെമീമാണ്. തെമീമിനെ കോൺഗ്രസ് പുറത്താക്കിയെങ്കിലും 149 വോട്ടുകൾ നേടി. ടി.കെ.പി.അബൂബക്കറിന് 246 വോട്ടുകൾമാത്രമാണ് നേടാനായത്. എൽ.ഡി.എഫിലെ വായോളി മുഹമ്മദ് 411 വോട്ടുകൾ നേടി ഇവിടെയും വിജയിച്ചുകയറി.
20 പ്രാവിൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി ആയിശ ശഹ്നിദക്കെതിരെ ഷഹനാസ് റെബലായി വന്നെങ്കിലും ശഹ്നിദ 52 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിർ സ്ഥാനാർഥിയായ സി.പി.ഐക്ക് 63 വോേട്ട നേടാനായുള്ളൂ. ഇവിടെ കഴിഞ്ഞ തവണ 100 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ജയിച്ചത്.
45 വർഷത്തോളം സി.പി.എം വിജയിച്ചു വന്ന മാനിപുരത്ത് ഇത്തവണ അടിപതറി. ഇടതു പക്ഷത്തിെൻറ കുത്തക തകർത്ത് 45 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് തിരിച്ചു പിടിച്ചത്. ഇത് സി.പി.എമ്മിനേറ്റ വലിയ പ്രഹരമായി മാറി. അതേസമയം, ലീഗ് ജയിച്ചു വന്ന കളരാന്തിരി നോർത്തിൽ നാല്വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.എം പിടിച്ചെടുത്തു. 246 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ മുസ്ലിം ലീഗ് വിജയിച്ച ഡിവിഷനാണിത്.
ചണ്ടപ്പുറം ഡിവിഷനിൽ കഴിഞ്ഞ തവണ യു.ഡി.എഫ് 28 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചതാണ്. എന്നാൽ, സ്വതന്ത്രനായി വന്ന കാരാട്ട് ഫൈസൽ മുസ്ലിം ലീഗിനെ പിന്നിലാക്കി 73 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ച് ഇരു മുന്നണികളേയും ഞെട്ടിച്ച് വിജയിച്ചുകയറി. 2015ൽ 158വോട്ട് നേടിയ ബി.ജെ.പിക്ക് ഇത്തവണ 50 വോട്ടുകളേ നേടാനായുള്ളൂ.
ബി.ജെ.പി ഇത്തവണ മത്സരിച്ച 10 ഡിവിഷനുകളിലും 2015ൽ ലഭിച്ച വോട്ടിനെക്കാൾ കുറച്ച് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പാർട്ടിയുടെ വോട്ടുകൾ എവിടെ പോയതാണെന്ന് പറയാൻ പാർട്ടിക്കും നാണക്കേടാണ് വരുത്തിയത്.
25 സീറ്റുകൾ വരെ ലഭിക്കുമെന്ന് ഉറപ്പു പറഞ്ഞ എൽ.ഡി.എഫ് 10 സീറ്റിലേക്ക് ഒതുങ്ങിയത് മുന്നണിക്കും ക്ഷീണമാണ് വരുത്തിയത്. സി.പി.എം തങ്ങളുടെ ഏഴ് സീറ്റ് നിലനിർത്തിയപ്പോൾ ഐ.എൻ.എല്ലിന് രണ്ടിലൊതുങ്ങേണ്ടി വന്നു. രണ്ട് എം.എൽ.എമാരും സംസ്ഥാന നേതാക്കളുമുള്ള കൊടുവള്ളിയിൽ പാർട്ടിയുടെ സ്വാധീനമേഖലകളിൽ വിജയിക്കാനാവാതെ പോയത് ചർച്ച ചെയ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.