കൊടുവള്ളി നഗരസഭ: കള്ളവോട്ട് ചേർക്കലിനെതിരെ കോടതിയെ സമീപിക്കും –മുസ്ലിം ലീഗ്
text_fieldsകൊടുവള്ളി: നഗരസഭയിൽ ഭരണസ്വാധീനം ഉപയോഗിച്ച് കള്ളവോട്ട് ചേർക്കുന്നതായി ആരോപിച്ച് നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി. ഡിവിഷൻ അതിർത്തികൾക്ക് പുറത്തെ താമസക്കാരെയും വയസ്സ് തികയാത്തവരെയും മറ്റു പഞ്ചായത്തുകളിൽ കാലങ്ങളായി താമസിക്കുന്നവരെയും വ്യാജരേഖകൾ ചമച്ച് എൽ.ഡി.എഫ് കള്ളവോട്ടുകൾ ചേർക്കുകയാണ്.
സെക്രട്ടറിക്കും മറ്റും പരാതികൾ നൽകി. സംസ്ഥാന നേതാക്കളുടെ വയസ്സ് തികയാത്ത മക്കളെയടക്കം പട്ടികയിൽ ചേർത്തു. കർശന നിരീക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചു. വി.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. ഖാദർ, അലി മാനിപുരം, വി.എ. റഹ്മാൻ, കെ.സി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ലീഗിെൻറ ആരോപണം പരാജയം മുന്നിൽ കണ്ട് –എൽ.ഡി.എഫ്
കൊടുവള്ളി: എൽ.ഡി.എഫ് വ്യാജരേഖയുണ്ടാക്കി വോട്ടു ചേർക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ പ്രസ്താവന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ ലീഗ് കാണിച്ച കൃത്രിമങ്ങൾക്കെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചപ്പോൾ സത്യാവസ്ഥ പുറത്തുവരുമെന്ന് കണ്ടപ്പോഴുള്ള ജാള്യത മറക്കാൻ വേണ്ടിയാണെന്ന് എൽ.ഡി.എഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടികയാണ് കരട് പട്ടികയായി പ്രസിദ്ധീകരിച്ചത്. ഡിവിഷെൻറ പുറത്തുള്ള നൂറുകണക്കിനു വോട്ടുകൾ വിവിധ ഡിവിഷനുകളിലെ പട്ടികയിൽ സ്ഥാനം പിടിച്ചു. അതിനുപുറമെ നഗരസഭക്കുപുറത്തുനിന്ന് ധാരാളം പേരെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിനെതിരെ എൽ.ഡി.എഫ് പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. തെരഞ്ഞെടുപ്പുകാലത്ത് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന രീതിയാണ് ലീഗ് എക്കാലത്തും സ്വീകരിക്കാറുള്ളതെന്നും എൽ.ഡി.എഫ് പറഞ്ഞു. ഒ.പി.ഐ. കോയ അധ്യക്ഷത വഹിച്ചു. കെ. ബാബ, കെ.ടി. സുനി, പി.ടി.സി. ഗഫൂർ, സി.എം. ബഷീർ, മാതോലത്ത് അബ്ദുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.