കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്; കെ.എം. അഷ്റഫ് പ്രസിഡന്റ്, സുമ രാജേഷ് വൈസ് പ്രസിഡന്റ്
text_fieldsകൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി മുസ്ലിം ലീഗിലെ കെ.എം. അഷ്റഫിനെയും വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സുമ രാജേഷിനെയും തെരഞ്ഞെടുത്തു. ശനിയാഴ്ച രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുൻ പ്രസിഡന്റ് തോമസ് ബാബു കളത്തൂർ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എം. അഷ്റഫിന്റെ പേര് നിർദേശിക്കുകയും സ്ഥിരം സമിതി ചെയർമാൻ കെ.പി. സുനീർ പിന്താങ്ങുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത 17 പേരിൽ 14 അംഗങ്ങളുടെ വോട്ടുകൾ കെ.എം. അഷ്റഫിന് ലഭിച്ചു. എതിർ സ്ഥാനാർഥിയായി മത്സരിച്ച സി.പി.എമ്മിലെ മെഹ്റൂഫിന് മൂന്നു വോട്ടുകളും ലഭിച്ചു.
കെ.എം. അഷ്റഫ് പരപ്പൻപൊയിൽ ഡിവിഷൻ പ്രതിനിധിയാണ്. ജില്ല സപ്ലൈ ഓഫിസർ കെ. രാജീവ് വരണാധികാരിയായി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.എം. അഷ്റഫിന് വരണാധികാരി രാജീവ് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ടി.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, എ. അരവിന്ദൻ, ബാബു പൈക്കാട്ടിൽ, ടി.കെ. മുഹമ്മദ്, വി.എം. ഉമർ, ചോലക്കര മുഹമ്മദ്, നാസർ എസ്റ്റേറ്റ്മുക്ക്, പി.ടി.എം. ഷറഫുന്നീസ, അംബിക മംഗലത്ത്, റംസീന നരിക്കുനി, അബ്ദു വെള്ളറ, ജെ.ടി. അബ്ദുറഹ്മാൻ, അലക്സ് തോമസ്, മുഹമ്മദ് മോയത്ത്, രാഘവൻ അടുക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റോയ് കുന്നപ്പള്ളി താമരശ്ശേരിയിൽനിന്ന് വിജയിച്ചുവന്ന കോൺഗ്രസിലെ സുമ രാജേഷിന്റെ പേര് നിർദേശിക്കുകയായിരുന്നു. എസ്.പി. ഷഹന പിന്താങ്ങി. 17ൽ 14 അംഗങ്ങളുടെ വോട്ടുകൾ സുമ രാജേഷിന് ലഭിച്ചു.
എതിർ സ്ഥാനാർഥിയായി മത്സരിച്ച സി.പി.എമ്മിലെ കുട്ടിയമ്മ മാണിക്ക് മൂന്നു വോട്ടാണ് ലഭിച്ചത്. പ്രസിഡന്റ് കെ.എം. അഷ്റഫ് സുമ രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
അനുമോദന യോഗം കെ.സി. അബു ഉദ്ഘാടനം ചെയ്തു. കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി.എം. രാധാകൃഷ്ണൻ സ്വാഗതവും കെ.പി. സുനീർ നന്ദിയും പറഞ്ഞു.
യു.ഡി.എഫ് മുന്നണി ധാരണപ്രകാരം പ്രസിഡന്റ് തോമസ് ബാബു കളത്തൂർ (കോൺഗ്രസ്), വൈസ് പ്രസിഡന്റ് സെലീന സിദ്ദീഖലി (മുസ്ലിം ലീഗ്), ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്.പി. ഷഹന (മുസ്ലിം ലീഗ്) എന്നിവർ ജനുവരി നാലിനാണ് സ്ഥാനങ്ങൾ രാജിവെച്ചത്.
ഭരണസമിതിയുടെ ആദ്യ രണ്ടു വർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും തുടർന്നുള്ള മൂന്നു വർഷം മുസ്ലിം ലീഗിനും നൽകണമെന്ന ധാരണ പ്രകാരമായിരുന്നു രാജി. ഇനി തുടർന്നുള്ള മൂന്നു വർഷം വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണ് ലഭിക്കുക.
ഇതിൽ സുമ രാജേഷ് ഒന്നര വർഷം കഴിഞ്ഞ് കോൺഗ്രസിലെ മറ്റൊരു അംഗത്തിന് കൈമാറണമെന്നാണ് കോൺഗ്രസിനകത്തെ ധാരണ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം തുടർന്നുള്ള രണ്ടു വർഷം കേരള കോൺഗ്രസിനും തുടർന്നുള്ള അവസാന ഒരു വർഷം കോൺഗ്രസിനുമാണ് ലഭിക്കുക.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം കൂടരഞ്ഞി ഡിവിഷനിൽനിന്ന് വിജയിച്ച ഹെലൻ ഫ്രാൻസിസിനാണ് ലഭിക്കുക. മറ്റു സ്ഥിരം സമിതികളിൽ മാറ്റമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.