കൊടുവള്ളി വികസനം പോർമുഖമാകുന്നു
text_fieldsകൊടുവള്ളി: തന്റെ മണ്ഡലമായ കൊടുവള്ളിയെ മന്ത്രിമാർ അവഗണിക്കുന്നുവെന്നും അയൽ മണ്ഡലത്തിലെ എം.എ.എ അനാവശ്യമായി വികസനത്തിൽ ഇടപെടുന്നുവെന്നും എം.കെ. മുനീർ. എം.എ.എ. റവന്യൂ മന്ത്രി കെ. രാജനും ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദു റഹിമാനും കൊടുവള്ളിയിലേക്ക് വിവിധ പദ്ധതികൾക്ക് തുക ലഭ്യമാക്കുന്നതിൽ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ആരോപിച്ച എം.കെ. മുനീർ തൊട്ടടുത്ത മണ്ഡലത്തിലെ എം.എൽ.എ കൊടുവള്ളിയിലെ പല റോഡുകൾക്കും മന്ത്രിമാരിൽ നിന്ന് അനുമതി വാങ്ങുന്നുണ്ടെന്ന് പി.ടി.എ. റഹീം എം.എ.എയെ ഉദ്ദേശിച്ച് പറഞ്ഞു. ഇത് തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മുനീർ പറഞ്ഞു.
റവന്യൂ മന്ത്രി അംഗീകരിച്ച മണ്ഡലത്തിലെ 12 പദ്ധതികളിൽ ഒരു പദ്ധതിക്ക് മാത്രമാണു തുക അനുവദിച്ചത്. പിന്നെ എന്തിനാണ് ഈ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതെന്നും എം.എൽ.എ ചോദിച്ചു. പദ്ധതികൾക്ക് അനുമതിക്കായി കത്ത് നൽകിയാൽ അത് മാറ്റിവെച്ച് സ്ഥലം എം.എൽ.എ അറിയാതെ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് റോഡിനും മറ്റും ഇടതുപക്ഷ കൗൺസിലർമാർക്ക് ഫണ്ട് അനുവദിക്കുകയാണ് മന്ത്രി വി. അബ്ദുറഹിമാൻ. ഇതുസംബന്ധിച്ച്അടുത്ത ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകും. അവഗണന തുടർന്നാൽ മന്ത്രിമാരെ വഴിയിൽ തടഞ്ഞുള്ള പ്രതിഷേധം നടത്തുമെന്നും എം.കെ. മുനീർ എം.എൽ.എ പറഞ്ഞു.
അതേ സമയം എം.കെ. മുനീറിന്റെ പ്രസ്താവനകൾക്കെതിരെ പി.ടി.എ. റഹീം രംഗത്തുവന്നു. നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താൻ താൻ ഇടപെടുന്നത് പാർട്ടി നിർദേശ പ്രകാരമാണെന്ന് പി.ടി.എ റഹീം എം.എൽ.എപ്രതികരിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കൊടുവള്ളി മണ്ഡലത്തിന് അനുവദിച്ച പദ്ധതികൾ പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കുന്നതിൽ എം.കെ. മുനീർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്.
കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിഭാവനം ചെയ്ത സിറാജ് ഫ്ലൈ ഓവർ സംബന്ധിച്ച തന്റെ നിയമസഭാ ചോദ്യത്തിന് ലഭിച്ച മറുപടിയിൽ പദ്ധതിക്ക് തുരങ്കം വെച്ചത് എം.എൽ.എയും നഗരസഭയുമാണെന്ന വസ്തുത വെളിപ്പെട്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെങ്കിൽ ഇത് ഉൾപ്പെടെ കൊടുവള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നത് തുടരുമെന്നും പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.