കൊടുവള്ളി നഗരസഭ വാരിക്കുഴിതാഴം ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സീറ്റ് നിലനിർത്തി
text_fieldsകൊടുവള്ളി: നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച കെ.സി. സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് സീറ്റ് നിലനിർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 78 വോട്ടുകൾ ഇത്തവണ അധികം ലഭിച്ചു. യു.ഡി.എഫ്, വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കെ.കെ. ഹരിദാസന് 115 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ സ്ഥാനാർഥി കെ. അനിൽകുമാറിന് 88 വോട്ടാണ് ലഭിച്ചത്. സി.പി.എമ്മിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഡിവിഷനിൽ 457 പുരുഷ വോട്ടർമാരും 486 സ്ത്രീ വോട്ടർമാരുമടക്കം 943 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 359 പുരുഷ വോട്ടർമാരും 377 സ്ത്രീ വോട്ടർമാരുമടക്കം 736 പേരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 78 ശതമാനമായിരുന്നു പോളിങ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിവിഷനിൽ കെ. ബാബു 340 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 922 ആകെ വോട്ടുള്ള ഡിവിഷനിൽ 754 വോട്ടായിരുന്നു പോൾ ചെയ്തത്. യു.ഡി.എഫ് സ്ഥാനാർഥി 168 വോട്ടും ബി.ജെ.പി സ്ഥാനാർഥി 78 വോട്ടുമാണ് അന്ന് നേടിയത്. 80.37 ശതമാനമായിരുന്നു പോളിങ്. സി.പി.എം കൗൺസിലർ കെ. ബാബു രാജിവെച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നട ന്നത്.
സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറിയായി കെ. ബാബുവിനെ തിരഞ്ഞെടുത്തതിനെ തുടർന്ന് 2021 ഡിസംബർ നാലിനാണ് കൗൺസിലർ സ്ഥാനം രാജിവെച്ചത്.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ കൊടുവള്ളി ടൗണിലും വാരിക്കുഴിത്താഴം ഡിവിഷനിലും പ്രകടനം നടത്തി. കെ. ഷറഫുദ്ദീൻ, വി. രവീന്ദ്രൻ, പി.ടി.സി. ഗഫൂർ, പി.ടി. അസ്സയിൻ കുട്ടി, ഒ.പി. റഷീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.