കൊടുവള്ളി ഓപൺ സ്റ്റേജ് പൊളിച്ചുമാറ്റാൻ നടപടിയായി
text_fieldsകൊടുവള്ളി: ഓപൺ എയർ സ്റ്റേജ് പൊളിച്ചുമാറ്റാൻ നടപടിയായി. തിങ്കളാഴ്ച നടന്ന നഗരസഭ ഭരണസമിതി യോഗമാണ് ഇതിനുള്ള തീരുമാനമെടുത്തത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗവും പുതുതായി നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണ പ്രവർത്തനത്തിന്റെ ഭാഗമായി സ്റ്റേജ് പൊളിച്ചുമാറ്റി ഗതാഗത സൗകര്യം ഒരുക്കണമെന്ന നിർദേശം വെച്ചിരുന്നു.
ടൗണിന്റെ ഹൃദയഭാഗത്ത് 28 വർഷം മുമ്പാണ് ഓപൺ എയർ സ്റ്റേജ് നിർമിച്ചത്. 1994 ജനുവരി 31ന് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ടി.എ. റഹീം ആയിരുന്നു സ്റ്റേജ് ഉദ്ഘാടനം ചെയ്തത്. സ്റ്റേജിന്റെ മുൻഭാഗത്തെ രണ്ട് തൂണുകളുടെയും അടിഭാഗം ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഇപ്പോൾ നഗരസഭയുടെ അധീനതയിലുള ഓപൺ എയർ സ്റ്റേജിൽ നാളിതുവരെയായിട്ടും അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.
കോൺക്രീറ്റ് ചെയ്ത് ടൈൽ പാകി നിർമിച്ചതാണ് ഓപൺ എയർ സ്റ്റേജ്. സ്റ്റേജിൽ പാകിയ ടൈലുകളിൽ ഏറെയും ഇളകി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണിപ്പോൾ. ടൗണിൽ പതിവായിരിക്കുന്ന ഗതാഗതക്കുരുക്ക് ഓപൺ എയർ സ്റ്റേജിൽ പരിപാടി നടക്കുന്ന സമയത്ത് രൂക്ഷമാകും. ഈ സമയത്ത് സ്റ്റേജിന് മുന്നിൽ പാർക്ക് ചെയ്യുന്ന ഓട്ടോകൾ മാർക്കറ്റ് റോഡിന്റെ വശങ്ങളിലേക്ക് മാറ്റിയിടുന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഓപൺ എയർ സ്റ്റേജ് പൊളിച്ചുമാറ്റണമെന്ന അഭിപ്രായമാണ് മിക്ക രാഷ്ട്രീയപാർട്ടികൾക്കും.
സ്റ്റേജ് പൊളിച്ചുമാറ്റുന്നതോടെ ടൗണിന്റെ ഭംഗി വർധിക്കുകയും ഗതാഗതം എളുപ്പമാവുകയും ചെയ്യും. ജൂൺ ഒന്ന് മുതൽ നടപ്പിലാക്കുന്ന ട്രാഫിക് ക്രമീകരണത്തിന്റെ മുമ്പായി സ്റ്റേജ് പൊളിച്ചുമാറ്റും. കൊടുവള്ളിയുടെ രാഷ്ട്രീയ ഗതിമാറ്റങ്ങൾക്കെല്ലാം സാക്ഷിയാവുകയും വേദിയാവുകയും ചെയ്ത ഓപൺ സ്റ്റേജ് ഇതോടെ ഓർമയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.